ഇന്‍ഡോര്‍: ഇന്‍ഡോറില്‍ കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ തള്ളി. ശരീരത്തില്‍ രണ്ടുകുത്തുകളേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പെണ്‍കുട്ടിയുടെ മുന്‍ കാമുകനാണ് കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ക്രൂര ബലാത്സംഗം ചെയ്തത്.

19കാരിയായ കോളജ് വിദ്യാര്‍ഥിനിയെ മുന്‍ കാമുകനായ നന്ദ ഗ്രാമിലെ ഒരു ഫഌറ്റിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് കൂട്ടുകാര്‍ക്കൊപ്പം ബലാല്‍സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബലാത്സംഗം ചെയ്ത കാര്യം പുറത്തു പറയുമെന്ന് പെണ്‍കുട്ടി ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് പ്രതികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പിക്കുകയും ചാക്കില്‍ കെട്ടി ഭഗീരഥ്പൂരിലെ റെയില്‍വേ ട്രാക്കില്‍ തള്ളുകയുമായിരുന്നു. എന്നാല്‍ ചാക്കില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പെണ്‍കുട്ടി നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തി.

ഒരു പെണ്‍കുട്ടിക്ക് രണ്ട് കുത്തുകളേറ്റ പരിക്കുമായി ഇന്‍ഡോറിലെ ആശുപത്രിയില്‍നിന്ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് കൂട്ടബലാല്‍സംഗം പുറത്തറിയുന്നത്. പട്‌നിപുരയിലെ തന്റെ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറഞ്ഞതെന്ന് സീനിയര്‍ പൊലീസ് ഓഫീസര്‍ ശശികാന്ത് കങ്കണെ പറഞ്ഞു.

14 വയസുകാരിലെ ബലാല്‍സംഗം ചെയ്ത് കുഴിച്ചുമൂടാന്‍ ശ്രമിച്ചതിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മധ്യപ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ മറ്റൊരു ക്രൂരകൃത്യംകൂടി റിപ്പോര്‍ട്ട് ചെയ്യുന്നത്.