ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും അതിക്രൂരമായ ബലാത്സംഗക്കൊല. ക്ഷേത്ര പരിസരത്തു വെച്ച് 50കാരിയാണ് അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ബദൗന്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ക്ഷേത്ര പുരോഹിതനെതിരേയും രണ്ട് ശിഷ്യര്‍ക്കെതിരേയും പൊലീസ് കേസെടുത്തു.

ഞായറാഴ്ച വൈകിട്ടോടെ ക്ഷേത്രത്തില്‍ പോയതായിരുന്നു ഇവര്‍. കുറേ സമയം കഴിഞ്ഞിട്ടും ഇവര്‍ തിരിച്ചെത്തിയില്ല. അന്വേഷണം നടത്തുന്നതിനിടെ പുരോഹിതനും സംഘവും ഇവരെ സ്വന്തം വാഹനത്തില്‍ വീടിനു മുന്നില്‍ ഉപേക്ഷിച്ചിട്ടു പോയി. രക്തം വാര്‍ന്ന നിലയിലായിരുന്നു അവര്‍. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. വാരിയെല്ലും കാലുകളും ഒടിഞ്ഞിരുന്നു. ആക്രമണത്തില്‍ ശ്വാസകോശത്തിനും പരിക്കേറ്റു. രക്തസ്രാവം നിയന്ത്രണാതീതമായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്ത് പൊലിസ് അന്വേഷണം തുടങ്ങി. അതേസമയം, സംഭവത്തില്‍ പൊലിസിനെതിരെ ബന്ധുക്കള്‍ക്ക് പരാതിയുണ്ട്. സ്ത്രീയെ കാണാനില്ലെന്ന് ഉഗൈതി സ്റ്റേഷന്‍ ഓഫിസര്‍ക്ക് പരാതി നല്‍കിട്ടും അന്വേഷിച്ചില്ല എന്നാണ് ആരോപണം.