ബാര്‍സിലോണ: ലയണല്‍ മെസി ബാഴ്‌സലോണ ക്ലബ്ബ് വിടാന്‍ താല്‍പര്യം അറിയിച്ചതോടെ തുടങ്ങിയ കൂടുമാറ്റ ചര്‍ച്ചകള്‍ ഇപ്പോഴും നിലച്ചിട്ടില്ല. മെസിയുടെ കൂടുമാറ്റ ചര്‍ച്ചകളെ ഇപ്പോള്‍ സജീവമാക്കുന്നത് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള ബാഴ്‌സലോണയിലെത്തിയതാണ്. മെസി ബാഴ്‌സലോണ വിട്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായിരിക്കെയാണ് പെപ് ഗാര്‍ഡിയോള ബാഴ്‌സലോണയിലെത്തുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് തുടങ്ങുന്നതിന് മുമ്പ് അവധിയാഘോഷിക്കാനാണ് ഗാര്‍ഡിയോള ബാഴ്‌സലോണയിലെത്തിയതെങ്കിലും ലക്ഷ്യം മെസിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം മെസിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മെസിയും താല്‍പര്യത്തോടെയാണ് ഈ കൂടിക്കാഴ്ചയെ കാണുന്നത്. മെസിയും ഗാര്‍ഡിയോളയും ഒന്നിച്ചുള്ള കാലഘട്ടം ബാഴ്‌സക്ക് മറക്കാനാവാത്തതാണ്. 2008 -2012 സീസണില്‍ മൂന്ന് ലാലീഗ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടവും ഗാര്‍ഡിയോള പരിശീലകനായിരിക്കെ ബാഴ്‌സക്കായി നേടിക്കൊടുത്തിട്ടുണ്ട്.