ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗക്കാര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.
കേന്ദ്രത്തിന്റെ മറുപടി ലഭിച്ച ശേഷം ഹര്‍ജികളില്‍ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസും അയച്ചു. അതേ സമയം 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര തീരുമാനം സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല. യൂത്ത് ഫോര്‍ ഇക്വാലിറ്റിയാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ നിയമത്തിനെതിരെ ഹര്‍ജി നല്‍കിയത്. വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തിന് താഴെ ഉള്ള മുന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് കേന്ദ്രം കൊണ്ടുവന്ന സാമ്പത്തിക സംവരണ ബില്‍. അമ്പത് ശതമാനത്തിലധികം സംവരണം നല്‍കരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം കൂടി ഏര്‍പ്പെടുത്തിയതോടെ സംവരണം 50 ശതമാനത്തിനു മുകളിലാവും.
കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സംവരണത്തിനായി കൊണ്ടു വന്ന പുതിയ ഭരണഘടനാ ഭേദഗതി സുപ്രീംകോടതി വിധിക്കെതിരാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും സംവരണം ഘട്ടംഘട്ടമായി അവസാനിപ്പിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.
സാമ്പത്തിക സംവരണത്തിനായുള്ള ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസായിരുന്നു. ഇതിനു പിന്നാലെ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കുകയും ചെയ്തു. നിയമം പ്രാപല്യത്തിലായതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്റില്‍ സാമ്പത്തിക സംവരണത്തിനെതിരെ മുസ്്‌ലിം ലീഗ്, ഡി.എം.കെ, എ. ഐ. എം. ഐ.എം, ആര്‍.ജെ.ഡി എന്നീ പാര്‍ട്ടികള്‍ മാത്രമാണ് എതിര്‍പ്പുമായി രംഗത്തു വന്നത്. മുസ്്‌ലിം ലീഗ് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവരുള്‍പ്പെടെ 10 എം.പിമാര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്.