ലഖ്‌നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടിയുടെ ബന്ധുവാണ് അറസ്റ്റിലായ യുവതി. ബിഹാര്‍ സ്വദേശിയാണ് പെണ്‍കുട്ടി.

സിറ്റി മജിസ്‌ട്രേറ്റ്, ബല്ലിയ പൊലീസ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ എന്നിവരുടെ സംയുക്തമായ ഇടപടലിനെ തുടര്‍ന്നാണ് കുട്ടി രക്ഷപ്പെട്ടത്. കുട്ടിയുടെ മതാപിതാക്കള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

കുട്ടിയുടെ ബന്ധുവായ ഗുല്‍ഷന്‍ ബാനോ എന്ന യുവതിയാണ് പിടിയിലായത്. കുട്ടിയെ ബിഹാറില്‍ നിന്ന് യുപിയിലെ ബല്ലിയയില്‍ എത്തിച്ച് വേശ്യാവൃത്തിക്ക് ഉപയോഗപ്പെടുത്താനായിരുന്നു ഗുല്‍ഷന്‍ ബാനോ ശ്രമിച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു.

സിറ്റി മജിസ്‌ട്രേറ്റ്, ബല്ലിയ പൊലീസ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ എന്നിവര്‍ ഗുല്‍ഷന്റെ വീട്ടില്‍ എത്തി പരിശോധന നടത്തിയാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാക്കി.