ചെന്നൈ: ശരീരത്തില്‍ ഒട്ടിച്ചുവച്ച് ചെന്നൈ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമം. ദുബൈയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാരനാണു മുറിവാണെന്ന വ്യാജേനെ പുറത്തു ബാന്‍ഡേജിട്ടു അതിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ഇതുവരെ ഈ തരത്തില്‍ ഒരു കടത്ത് പിടിക്കപ്പെട്ടിട്ടില്ല.

സ്വര്‍ണം കടത്താന്‍ പതിനെട്ടടവും പയറ്റുകയാണ് കള്ളക്കടത്തുകാര്‍. ഞായാറാഴ്ച ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ചെന്നൈയിലെത്തിയ അഹമ്മദ് അനസ് എന്നയാളുടെ തന്ത്രം കണ്ടു വിസ്മയിച്ചിരിക്കുകയാണ് കസ്റ്റംസ്.വ്യാജ മുറിവുണ്ടാക്കി അതിനകത്തായിരുന്നു അനസിന്റെ സ്വര്‍ണക്കടത്ത്. പരിശോധനകള്‍ കഴിഞ്ഞു കൗണ്ടര്‍ വിടുന്നതിനു തൊട്ടുമുമ്പായാണ് അനസിന്റെ പുറം അസാധാരണായി മുഴച്ചുനില്‍ക്കുന്നത് ഉദ്യോഗസ്ഥരില്‍ ഒരാളുടെ ശ്രദ്ധയില്‍പെടുന്നത്. തിരികെ വിളിച്ചു പരിശോധിച്ചപ്പോള്‍ കണ്ടത് ഇതാണ്.

ബാന്‍ഡേജിനകത്തു കുഴമ്പു രൂപത്തിലുള്ള സ്വര്‍ണായിരുന്നു. 142 ഗ്രാം സ്വര്‍ണാണ് പുറത്തു ഇങ്ങിനെ ഒട്ടിച്ചുവച്ചു കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണത്തിനു ഏഴു ലക്ഷത്തി ഇരുപതിനായിരം രൂപ വിലവരുമെന്നു കസ്റ്റംസ് അറിയിച്ചു.