കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസില്‍ അറപ്പുഴപാലത്തില്‍ റോഡ് അറ്റകുറ്റപണിയെ തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ഗതാഗതകുരുക്ക്. റോഡിന്റെ ശോചനീയാവസ്ഥ മൂലം മാസങ്ങളായി ഗതാഗത ദുരിതം അനുഭവിക്കുന്ന പാലത്തില്‍ ഇന്ന് രാവിലെയാണ് നവീകരണ പ്രവൃത്തി ആരംഭിച്ചത്.
എന്നാല്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ വേണ്ടത്ര പൊലീസ് സംവിധാനമില്ലാത്തതിനാല്‍ ഇരുഭാഗത്തുനിന്നുമുള്ള വാഹനങ്ങള്‍ വന്നുചേര്‍ന്നത് വലിയതോതില്‍ ഗതാഗതകുരുക്കിന് ഇടയാക്കുകയായിരുന്നു.

അറപ്പുഴപാലത്തിന്റെ മുകളില്‍ ടാര്‍ ഇളകിപോയതിനാല്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. അപകടാവസ്ഥയിലായ പാലത്തിന്റെ റീ ടാറിംഗ് നടത്താത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. എന്നാല്‍ റോഡ് അറ്റകുറ്റപണി പകല്‍സമയമാക്കിയതാണ് വാഹനസ്തംഭനത്തിന് ഇടയാക്കിയത്.

കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും മെഡി:കോളജിലേക്കുമുള്ള വാഹനങ്ങള്‍ മണിക്കൂറുകളോളം റോഡില്‍കുടുങ്ങി. വാഹനങ്ങളുടെ നീണ്ടനിര കിലോമീറ്ററോളം നീണ്ടതോടെ കൂടുതല്‍പൊലീസെത്തിയാണ് നിയന്ത്രണം നടത്തിയത്.
ബൈപ്പാസില്‍ ബ്ലോക്കായതിനാല്‍ വാഹനം തിരിച്ചുവിട്ടതിനാല്‍ മീഞ്ചന്ത ബൈപ്പാസില്‍ നിന്ന് കോഴിക്കോട് നഗരത്തിലേക്കുള്ള റൂട്ടിലും തിരക്കനുഭവപ്പെട്ടു.