അഹമ്മദാബാദ്: ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാണി കനത്ത വെല്ലുവിളി നേരിട്ട ശേഷം ജയിച്ചു. കോണ്‍ഗ്രസിലെ ഇന്ദ്രാണി രാജ്ഗുരുവിനോട് 4308 വോട്ടിനാണ് രൂപാണി വിജയിച്ചത്. അവസാന മണിക്കൂറില്‍ പിന്നിലായ ശേഷം അവസാന നിമിഷങ്ങളിലെ തിരിച്ചുവരവാണ് രൂപാണിക്ക് തുണയായത്.

നരേന്ദ്ര മോദിക്കു ശേഷം ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നേരിടുന്ന ആദ്യ മുഖ്യമന്ത്രിയാണ് രൂപാണി. നരേന്ദ്ര മോദി ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട രാജ്‌കോട്ട് സീറ്റ് ബി.ജെ.പിയുടെ അഭിമാന പ്രശ്‌നമാണ്.

അതേസമയം, കോണ്‍ഗ്രസില്‍ ചേര്‍ന്ന ഒ.ബി.സി നേതാവ് അല്‍പേഷ് ഠാക്കൂറും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയും മുന്നിലാണ്.

രാധന്‍പൂരില്‍ അല്‍പേഷ് ഠാക്കൂര്‍ ഏറെക്കുറെ വിജയം ഉറപ്പിച്ചു. 70 ശതമാനത്തിലേറെ വോട്ട് എണ്ണിത്തീര്‍ന്നപ്പോള്‍ ബി.ജെ.പിയുടെ സോളങ്കി ഠാക്കൂറിനെതിരെ 15000 വോട്ടിന്റെ ലീഡുണ്ട് ഠാക്കൂറിന്.

വഡ്ഗാമില്‍ ബി.ജെ.പിയുടെ ചക്രവര്‍ത്തി വിജയ് കുമാര്‍ ഹര്‍ഖാഭായ്‌ക്കെതിരെയാണ് മേവാനി ലീഡ് ചെയ്യുന്നത്. 7000 വോട്ടുകള്‍ക്കാണ് ദളിത് നേതാവിന്റെ ലീഡ്.