ന്യൂഡല്‍ഹി: വര്‍ഗീയ പരാമര്‍ശവുമായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഹന്‍സ്രാജ് ഗംഗാറാം ആഹിര്‍. മലപ്പുറത്ത് മാസത്തില്‍ ആയിരം പേരെ മതം മാറ്റുന്നതായി ഹന്‍സ്രാജ് ആരോപിച്ചു. ഹാദിയ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. മലപ്പുറം ജില്ലയില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങളെക്കുറിച്ച് കേരള സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയില്ലെന്നും ഹന്‍സ്രാജ് ആരോപിച്ചു.
ഹന്‍സ്രാജ് ഗംഗാറാമിന്റെ വാക്കുകള്‍:
‘മലപ്പുറം ജില്ല എന്ന വലിയൊരു കേന്ദ്രമുണ്ട്. അവിടെയാണ് മത പരിവര്‍ത്തനങ്ങള്‍ നടത്തപ്പെടുന്നത്. ഒരു മാസം 1000 പേരെയാണ് മതം മാറ്റുന്നത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിമാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഞാന്‍ ആവശ്യപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ ഇനിയും സമര്‍പ്പിച്ചിട്ടില്ല. ഇപ്പോള്‍ ഹാദിയ കേസ് അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിച്ചിരിക്കുകയാണ്. എന്തുണ്ടായാലും അന്വേഷണത്തിലൂടെ പുറത്തുവരും.’
കേരള സന്ദര്‍ശനവേളയില്‍ താന്‍ ഇക്കാര്യം പറയുന്നതിന് പൊലീസ് മേധാവിയുമായും ചീഫ് സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നതായും ഹാന്‍സ്രാജ് ഗംഗാറാം പറഞ്ഞു.