മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ബുധനാഴ്ച പ്രഖ്യാപിച്ചപ്പോള്‍ അപ്രതീക്ഷിതമായി ഒരാള്‍ ടീമിലെത്തി. യുവതാരം ഹര്‍ദ്ദിക്ക് പാണ്ഡ്യ ആയിരുന്നു ആ താരം. പാണ്ഡ്യയെക്കാളും രഞ്ജി മത്സരത്തില്‍ തിളങ്ങിയ ഒരു പിടി താരങ്ങളുണ്ടായിട്ടും എന്തുകൊണ്ട് പാണ്ഡ്യയെ ഉള്‍പ്പെടുത്തി എന്നത് ടീം പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. ഏകദിന, ടി20 സ്‌പെഷ്യലിസ്റ്റ് ഗണത്തില്‍പെടുത്താവുന്ന പാണ്ഡ്യയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താനുള്ള പ്രകടനമൊന്നുമില്ലെന്നാണ് വിമര്‍ശം. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ശരാശരി പ്രകടനം മാത്രമാണ് ഹര്‍ദ്ദിക്ക് പുറത്തെടുത്തത്. പരമ്പര വിജയിയെ നിര്‍ണയിക്കുന്ന അവസാന മത്സരത്തില്‍ ഹര്‍ദ്ദിക്കിനെ ടീമില്‍ നിന്ന് പുറത്തിരുത്തുകയും ചെയ്തു.

ബൗളിങ്ങില്‍ മാത്രമാണ് പണ്ഡ്യക്ക് ശരാശരി പ്രകടനം പുറത്തെടുക്കാനായത്. ബാറ്റിങ്ങില്‍ പരാജയമായിരുന്നു. ഒരു മത്സരത്തില്‍ ടീമിനെ ജയിപ്പിക്കാനുള്ള അവസരമുണ്ടായിട്ടും കൂറ്റനടിക്ക് മുതിര്‍ന്ന് പുറത്തായി. ഇനി ഹര്‍ദ്ദിക്കിന്റെ ഫസ്റ്റ് ക്ലാസ് പ്രകടനങ്ങള്‍ വിലയിരുത്താം, 16 മത്സരങ്ങളില്‍ നിന്നായി 27.96 ബാറ്റിങ് ശരാശരിയില്‍ 727 റണ്‍സാണ് പാണ്ഡ്യ നേടിയത്. ഇതുവരെ ഒരു സെഞ്ച്വറി പോലുമില്ല. വിക്കറ്റാകട്ടെ 22 എണ്ണം മാത്രം. ഇവിടെ ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയും അടിച്ച് കാത്തിരിക്കുന്ന കളിക്കാരെയൊക്കെ മാറ്റി ടീമില്‍ ഇടം നേടാന്‍ മാത്രം ഈ പ്രകടനം മതിയോ എന്നാണ് പ്രധാന ചോദ്യം. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ എം.എസ്.കെ പ്രസാദ് പറയുന്നത്; “ബൗളിങ്ങില്‍ പാണ്ഡ്യയുടെ പേസ് വര്‍ധിച്ചുവെന്നും ബാറ്റിങ് മെച്ചപ്പെട്ടുവെന്നുമാണ്”. ന്യൂസിലാന്‍ഡ് പരമ്പരയിലെ നാല് കളികള്‍ വിലയിരുത്തിയാണ് സെലക്ഷന്‍ കമ്മിറ്റിയുടെ ഈ വിലയിരുത്തല്‍.