സ്വപ്‌നനേട്ടങ്ങൾക്കിടയിലും പിതാവിനെക്കുറിച്ചുള്ള ഓർമ്മകൾ നോവായി നീറുകയായിരുന്നുവെന്ന് ഇന്ത്യയുടെ ഓസ്‌ട്രേലിൻ പര്യടനത്തിൽ പകരക്കാരനായെത്തി താരമായി മടങ്ങിയ ഇന്ത്യൻ സീമർ മുഹമ്മദ് സിറാജ്. നാട്ടിലെത്തിയതിന് ശേഷം പരമ്പരയെക്കുറിച്ചും സ്വപ്‌ന നേട്ടത്തെക്കുറിച്ചും പറയുമ്പോഴെല്ലാം സിറാജ് പിതാവനെയും സങ്കടക്കാലത്ത് ഒറ്റക്കായിപ്പോയ ഉമ്മയെക്കുറിച്ചും ആവർത്തിച്ചുകൊണ്ടിരുന്നു.

‘സിഡ്‌നിയിൽ ബാപ്പയായിരുന്നു മനസ്സ് നിറയെ. എന്റെ നോവുകൾ ഉള്ളിലൊളിപ്പിക്കേണ്ടി വന്നു. എന്നാൽ ഉമ്മയുടെ സങ്കടമാണ് എന്നെ കാര്യമായി അലട്ടിയത്. ബാപ്പ മരിച്ച വ്യസനത്തിൽ എന്നെ കാണാതെ ഉമ്മ കരഞ്ഞുറങ്ങിയ എത്രയോ രാത്രികളുണ്ടായിരുന്നു’. സിറാജ് പറയുന്നു.

സീരിസിലെ വിക്കറ്റുകളെല്ലാം ബാപ്പക്ക് സമർപ്പിക്കുന്നു. പരമ്പരയിൽ നേടി 13 വിക്കറ്റുകളും പ്രിയപ്പെട്ടതാണ്. ബാപ്പയായിരുന്നു കരുത്ത്. ബാപ്പയുടെ കബറിടത്തിലെത്തി പ്രാർത്ഥിച്ചപ്പോഴാണ് മനസ്സ് ശാന്തമായത്. ഉമ്മയുടെ സ്‌നേഹവും വീട്ടുകാർ നൽകിയ കരുതലുമായിരുന്നു എന്റെ കരുത്ത്. ബ്രിസ്‌ബെനിലെ അഞ്ചുവിക്കറ്റുകളിൽ ഏറ്റവും മികച്ചതെന്ന് തോന്നിയത് മാർനസ് ലബുഷാനെയുടേതായിരുന്നു. ആ ഘട്ടത്തിൽ ടീമിന് ഒരു വിക്കറ്റ് ഇന്ത്യക്ക് നിർബന്ധമായിരുന്നു.

ആറു മാസത്തിന് ശേഷമാണ് സിറാജ് കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെത്തിയത്. ഓസ്‌ട്രേലിയയിൽ നിന്നും ഹൈദരാബാദിലെത്തിയ സിറാജ് നേരേ പോയത് പിതാവിന്റെ കബറിടത്തേക്കായിരുന്നു. അവിടെ പത്ത് മിനുറ്റോളം പ്രാർത്ഥിച്ചു. തന്റെ കരുത്തും സ്വപ്‌നങ്ങൾക്ക് ചിറകൊരുക്കുകയും ചെയ്തയാളാണെന്ന് മണ്ണിനടിയിൽ വിശ്രമിക്കുന്നത് സിറാജിനറിയാമായിരുന്നു.

ഹൈദരാബാദിലെ ഓട്ടോ ഡ്രൈവറായിരുന്ന സിറാജിന്റെ പിതാവ് മൂന്ന് മാസം മുമ്പാണ് മരണപ്പെട്ടത്. അതിനും മാസങ്ങൾക്ക് മുമ്പേ വീട്ടിൽ നിന്നുമിറങ്ങിയ സിറാജ്, യു.എ.യിൽ നടന്ന ഐ.പി.എൽ പങ്കെടത്തതിന് ശേഷം നേരേ ഓസ്ര്‌ടേലിയയിക്കോണ് പോവുകയായിരുന്നു. കോവിഡ് പ്രോട്ടോക്കാൾ കാരണം മരണ വാർത്ത അറിഞ്ഞിട്ടും സിറാജിന് പെട്ടെന്ന് നാട്ടിലെത്താൻ കഴിയാതെ പോവുകയായിരുന്നു.