ബോർഡർ ഗവാസ്‌കർ ട്രോഫി നിലനിർത്താൻ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പരക്കിറങ്ങി, സ്ഥിരം ക്യാപ്റ്റനടക്കമില്ലാതെ റിസർവ്വ് താരങ്ങളെ വെച്ച് ചരിത്ര വിജയം നേടിയ ടീം ഇന്ത്യയെ പ്രശംസകൾ കൊണ്ട് മൂടുകയാണ് ലോകം. ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോർ പിറന്ന അഡലൈഡിലെ ഒന്നാം ടെസ്റ്റിൽ നിന്ന് ഐതിഹാസിക തിരിച്ചുവരവിനും പരമ്പര നേട്ടത്തിനും പ്രധാന പങ്ക് വഹിച്ച താരങ്ങളെ പരിചയപ്പെടാം.

അജിൻക്യ രഹാനെ
ഈ തലമുറക്കും വരും തലമുറക്കും പഠിക്കാനും ചിന്തിക്കാനും ക്രിക്കറ്റ് എന്ന പേര് കേൾക്കുബോൾ ഓർക്കാനും വലിയ വലിയ അദ്ധ്യായങ്ങൾ എഴുതി വെച്ചു കൊണ്ടു ഇന്ത്യയുടെ രാശിയുള്ള ടെസ്റ്റ് നായകനെന്ന പേര് സ്വന്തം പേരിൽ കുറിച്ചാണ് രഹാന ജന്മനാട്ടിലേക്ക് മടങ്ങുന്നത്. അഡലൈഡ് ടെസ്റ്റിൽ എട്ട് വിക്കറ്റിന്റെ വൻതോൽവിയും ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോർ പിറന്ന നാണക്കേടും പേറിയായിരുന്നു ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. സ്ഥിരം ക്യാപ്റ്റൻ വിരാട് കോലിയും ഓപ്പണിംഗ് ബൗളർ മുഹമ്മദ് ഷമിയുമില്ലാത്ത ടീം. ഒന്നാം ടെസ്റ്റിനേക്കാൾ ദയനീയമായിരിക്കും ഇന്ത്യൻ തോൽവിയെന്ന് മൈക്കൽ വോനടക്കം പറഞ്ഞിടത്തുനിന്നാണ് രഹാനെ അവതരിക്കുന്നത്. ബാറ്റിംഗിൽ സെഞ്ച്വറിയും ക്യാപ്റ്റൻസിയിൽ അത്ഭുതവും കാട്ടി രഹാനെ നെടുംതൂണായപ്പോൾ എട്ട് വിക്കറ്റിന് ഓസീസിനെ തറപറ്റിച്ചാണ് ഇന്ത്യ ഗ്രൗണ്ട് വിട്ടത്. പരമ്പരയിലെ അവശേഷിച്ച മത്സരങ്ങളിലും രഹാനെയിലെ മികവ് കണ്ടു. റിസർവ്വ് താരങ്ങളെ ഓസ്‌ട്രേലിയയെപ്പോലൊരു ലോകോത്തര ടീമിനോട് മുട്ടാൻ മാത്രം പ്രാപ്തമാക്കിയ രഹാനെയായിരുന്നു ശരിക്കും ഇന്ത്യൻ നായകൻ.

ചേതേശ്വർ പൂജാര
ക്രീസിലെ മക്കലേലി റോൾ ആയിരുന്നു പുജാരയുടേത്. അയാൾ വിറകുവെട്ടുകയും വെള്ളം കോരുകയും ചെയ്തു. എതിരാളികളും ആരാധകരും അയാളെ വെറുത്തു. അഞ്ചാം ദിവസത്തിലേക്ക് നീണ്ട ടെസ്റ്റിൽ അയാൾ തിന്ന 200ലേറെ പന്തുകളാണ് ഓസീസിന്റെ വിഖ്യാതമായ ബൗളിംഗ് നിരയുടെ ആത്മവിശ്വാസം തകർത്തത്. മൂന്നാം ടെസ്റ്റിലും രണ്ടാം ടെസ്റ്റിലും അയാൾ തിന്ന പന്തുകൾ തന്നെയാണ് ലോക റാങ്കിംഗിൽ ആദ്യ പത്തിലുൾപ്പെട്ട മൂന്ന് താരങ്ങളെ അണിനിരത്തിയ ഓസീസ് ബൗളിംഗ് ടിപ്പാർട്‌മെന്റിന്റെ മനോവീര്യം തകർത്തത്.

മുഹമ്മദ് സിറാജ്
ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, ഭുവനേശ്വർ കുമാർ തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് പരുക്കേറ്റതോടെ ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യൻ ടീമിന്റെ പേസ് വിഭാഗത്തെ നയിക്കേണ്ടിവന്ന സിറാജ്, ഓസീസിന്റെ രണ്ടാം ഇന്നിങ്‌സിലാണ് അഞ്ച് വിക്കറ്റ് നേട്ടവുമായാണ് കരുത്തുകാട്ടിയത്. 19.5 ഓവറിൽ 73 റൺസ് വഴങ്ങിയായിരുന്നു സിറാജിന്റെ അഞ്ച് വിക്കറ്റ് നേട്ടം. ഇതോടെ ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് സ്‌കോർ 294 റൺസിൽ ഒതുങ്ങുകയും ചെയ്തു. ഈ പര്യടനത്തിൽ ഒരു ഇന്ത്യൻ ബോളർ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നതും ഇതാദ്യമാണ്. ഗാബയിൽ ഓസീസ് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയതും സിറാജിന്റെ പന്തുകളായിരുന്നു.
ആദ്യ ടെസ്റ്റിൽ മുഹമ്മദ് ഷമിക്ക് പരിക്കേറ്റതിനെത്തുടർന്ന് രണ്ടാം ടെസ്റ്റിൽ അരങ്ങേറ്റം. ആ ടെസ്റ്റിൽ തന്നെ ഉമേഷിനും പരിക്ക് പറ്റി പുറത്തായി. മൂന്നാം ടെസ്റ്റിൽ ബുംമ്രയുടെ കൂടെ ഓപ്പണിങ് ബോളർ. നാലാം ടെസ്റ്റിൽ പരിക്കേറ്റ് ബുമ്രയും പുറത്തേക്ക്. അപ്പോഴേക്കും ഇന്ത്യയുടെ ഒന്നാം നമ്പർ ബൗളറായി സിറാജ് മാറുകയായിരുന്നു.
മത്സരത്തിനിടെ വംശീയധിക്ഷേപം കൊണ്ട് കാണികൾ പരിഹസിച്ച സിറാജ് പരമ്പര കഴിയും മുന്നേ ഓസീസ് മണ്ണിൽ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്തു. കൂറ്റൻ സ്‌കോറിലേക്ക് പോകുമായിരുന്ന ഓസീസ് ബാറ്റിങ് നിരയെ പിച്ചിചീന്തിയ ഓവറുകൾ. ഒരു ഓവറിൽ തന്നെ ഏറ്റവും അപകടകാരിയായ ലബുഷെയറിനെയും വൈഡിനെയും പുറത്താക്കിയതിന് പുറമെ തകർപ്പൻ ഫോമിലുള്ള സ്മിത്തിനെയും പുറത്താക്കിയ ഡെലിവറികൾ കൊണ്ട് ഓസ്‌ട്രേലിയൻ ഫാൻസിന് മറുപടി നൽകുകയായിരുന്നു അവൻ.

റിഷഭ് പന്ത്
പക്വതയെത്താത്ത പയ്യനെന്ന് പലരും വിളിച്ചുകളിയാക്കിയ റിഷഭ് പന്തിന്റെ ഇന്നിംഗ്‌സുകൾ മൂന്നാം ടെസ്റ്റിൽ വിജയത്തിന് തുല്യമായ സമനിലക്കും നാലാം ടെസ്റ്റിലെ ചരിത്ര വിജയത്തിനും കാരണമായത്. ഏകദിന ശൈലിയിൽ കളിച്ച പന്ത്, ക്രീസിലുള്ളപ്പോഴെല്ലാം ജയിക്കുമെന്ന പ്രതീക്ഷ ഇന്ത്യൻ ക്യാമ്പിൽ സജീവമായിരുന്നു. ഇന്ന് അവസാന സെഷനിൽ വാഷിംഗടൺ സുന്ദറിനൊപ്പം ഓവറിൽ ആറ് റണ്ണിന് മേൽ ശരാശരി വന്നപ്പോഴും പതറാതെ റിഷഭാണ് ഇന്ത്യൻ ക്യാമ്പിനെ വിജയതീരമണിയിച്ചത്.

അശ്വിൻ-ഹനുമ വിഹാരി
തോൽവിയെന്നുറപ്പിച്ച സിഡ്‌നി ടെസ്റ്റിൽ അസഹ്യമായ പുറം വേദന കൊണ്ട് പുളഞ്ഞ അശ്വിനും പരിക്കേറ്റ് റൺസെടുക്കാൻ പോലും കഴിയാതിരുന്ന ഹനുമ വിഹാരിയുമായിരുന്നു വിജയത്തിന് തുല്യമായ സമനില ഇന്ത്യക്ക് സമ്മാനിച്ചത്. 186ന് അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഒരു ദിവസം മുഴുവൻ രക്ഷിച്ച് നിർത്തിയത് ഈ ജോഡികളായിരുന്നു. വിദേശ പിച്ചിൽ അശ്വിൻ എന്ത് കാണിക്കും എന്ന് പറഞ്ഞവരോട് മുന്നിൽ ഇനി ഞാൻ എന്ത് കാണിക്കണം എന്ന് ചെറുത് നിന്ന ബാറ്റിങ് പ്രതിരോധം. പരിക്ക് പറ്റി ഓടാൻ പറ്റാതെ ക്ഷമയുടെ പര്യയമായി മാറിയ ഹനുമാൻ വിഹാരി. അതെ ഇന്ത്യക്ക് മൂന്നാം ടെസ്റ്റിൽ വിജയത്തിനു തുല്യമായ സമനില നൽകിയത് ഇവരായിരുന്നു. നാലാം ടെസ്റ്റിലേക്കുള്ള പോരാട്ട വീര്യവും

വാഷിംഗ്ടൺ സുന്ദർ- ശ്രാദ്ധുൽ ഠാക്കൂർ
ഗാബയിലെ നാലാം ടെസ്റ്റിൽ ആസ്പത്രി വാർഡ് പോലെയായിരുന്നു ഇന്ത്യൻ സ്‌ക്വാഡ്. ചരിത്രങ്ങൾ ഉറങ്ങി കിടക്കുന്ന, ഇന്ത്യ ഒരിക്കൽ പോലും ജയിച്ചിട്ടില്ലാത്ത ഓസീസ് പതിറ്റാണ്ടുകളായി തോറ്റിട്ടില്ലാത്ത ഗാബയെന്ന ഓസീസിന്റെ ഹൃദയഭൂമിയിൽ ഇന്ത്യ കളത്തിലിറങ്ങുന്നു. മുൻ നിര പ്രതീക്ഷക്കൊത്തുയരാതിരുന്നപ്പോൾ, കന്നിക്കാരായ വാഷിംഗ്ടൺ സുന്ദർ- ശ്രാദ്ധുൽ ഠാക്കൂർ സഖ്യം നേടിയ റൺസുകളാണ് ഇന്ത്യൻ ഇന്നിംഗ്‌സിൽ നിർണായകമായത്. ഓസ്‌ട്രേലിക്കെതിരെയുള്ള നാലാം ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിൽ മത്സരത്തിന്റെ രണ്ടാം ദിനം ആറിന് 186 എന്ന നിലയിൽ നിന്നും സെഞ്ച്വറി കൂട്ടുകെട്ടുമായി ആദ്യ രാജ്യാന്തര ടെസ്റ്റ് മത്സരം കളിക്കുന്ന വാഷിംഗ്ടൺ സുന്ദറും ശ്രാദ്ധുൽ ാക്കൂറും ഏഴാം വിക്കറ്റലിൽ നേടിയ റെക്കോഡ് കൂട്ടുകെട്ടാണ് വൻതകർച്ചിൽ നിന്ന് ഇന്ത്യയെ കരകയറ്റിയ്ത്. ടീം സ്‌കോർ 309ലെത്തിച്ചാണ് ഈ സഖ്യം വഴിപിരിഞ്ഞത്. ഏഴാം വിക്കറ്റിൽ 121 റൺസ് നേടി ശർദുൽ താക്കൂറും വാഷിംഗ്ടൺ സുന്ദറും ചേർത്തു. ശ്രാദ്ധുൽ 67ഉം വാഷിംഗ്ടൺ സുന്ദർ 62ഉം റൺസസെടുത്തു. ഇരുവരും തങ്ങളുടെ കന്നി ടെസ്റ്റ് അർദ്ധസെഞ്ച്വറികളാണ് ആസ്‌ട്രേലിയക്കെതിരെ നേടിയത്. ഈ മികവാണ് ചരിത്രവിജയത്തിലേക്ക് ഇന്ത്യക്ക് വെളിച്ചമായത്.