മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹരിയാനയ്‌ക്കെതിരെ തോല്‍വിയേറ്റുവാങ്ങിയ കേരളം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ നാല് റണ്‍സിനാണ് കേരളം അടിയറവ് പറഞ്ഞത്. ഹരിയാന ഉയര്‍ത്തിയ 199എന്ന വലിയ ടോട്ടല്‍ പിന്തുടര്‍ന്ന കേരളത്തിന് 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ്മാത്രമാണ് നേടാനായത്. തുടര്‍ച്ചയായി അഞ്ചാംമത്സരവും വിജയിച്ച ഹരിയാന 20പോയന്റോടെ നോക്കൗട്ടില്‍കടന്നു.
കേരളത്തിനായി സച്ചിന്‍ ബേബി 36 പന്തില്‍ 68 റണ്‍സും ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 31 പന്തില്‍ 51 റണ്‍സുമെടുത്ത് പോരാട്ടം നയിച്ചെങ്കിലും അവസാന ഓവറുകളില്‍ കാലിടറി. മുഹമ്മദ് അസ്ഹറുദ്ദീന്‍ 35 റണ്‍സ് നേടിയപ്പോള്‍ റോബിന്‍ ഉത്തപ്പ എട്ട് റണ്‍സും വിഷ്ണുവിനോദ് പത്ത് റണ്‍സെടുത്തും പുറത്തായി. ഹരിയാനയ്ക്കായി സുമിത് കുമാര്‍, അരുണ്‍ ചപ്രാന എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.