സയിദ് മുഷ്താഖലി ടി20 ട്രോഫിയില്‍ കേരളം നാളെ ആന്ധ്ര പ്രദേശിനെ നേരിടും. ശരത് പവാര്‍ ക്രിക്കറ്റ് അക്കാദമി മൈതാനത്ത് ഉച്ചയ്ക്ക് 12.00നാണ് മത്സരം. പുതുച്ചേരി,ഡല്‍ഹി, മുംബൈ എന്നീ വമ്പന്‍ ടീമുകളെ തോല്‍പിച്ച ആത്മവിശ്വാസത്തിലാണ് കേരളംി നാളെ ഇറങ്ങുക.

മൂന്ന് മത്സരങ്ങളും ജയിച്ച കേരളം നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമതാണ്. മികച്ച ഫോമില്‍ കളിക്കുന്ന ബാറ്റിംഗ് നിരയാണ് കേരളത്തിന്റെ കുന്തമുന. കാസര്‍ക്കോട്ടുകാരന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ് എന്നിവരുടെ പ്രകടനം കളിയില്‍ നിര്‍ണായകമായേക്കും. അതേ സമയം ബൗളിങ്ങിലും കേരളം തിളങ്ങി നില്‍ക്കുന്നു. നീണ്ട ഇടവേളക്കു ശേഷം മടങ്ങി വന്ന എസ് ശ്രീശാന്തില്‍ തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

ഗ്രൂപ്പില്‍ ആന്ധ്രയെ കൂടാതെ ഹരിയാനയാണ് കേരളത്തിന് അടുത്തതായി വരുന്ന എതിരാളികള്‍. ഹരിയാനയും ഇതുവരെ ഒരു മത്സരവും തോറ്റിട്ടില്ല. അതുകൊണ്ട് ഇരു ടീമും തമ്മിലുള്ള മത്സരം തീപാറും.