മൊഹാലി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 2-0ന് പിന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിന് ഓപണിങ് ബാറ്റ്‌സ്മാന്‍ ഹസീബ് ഹമീദിന്റെ സേവനം പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നഷ്ടമാവും. മൂന്നാം ടെസ്റ്റില്‍ നാലാം ദിനം ഇന്ത്യന്‍ ബൗളര്‍മാരെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ച കൗമാര താരം ഹസീബ് ഹമീദ് കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങുകയാണെന്ന് ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്ക് അറിയിച്ചു.

പരിക്കു പറ്റിയ കൈയ്യുമായി ബാറ്റ് ചെയ്ത് അര്‍ധ സെഞ്ച്വറി നേടിയ താരം ഇംഗ്ലണ്ട് ടീമിന് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹത്തെ ദൈര്യത്തെ അഭിനന്ദിക്കുന്നതായും കുക്ക് പറഞ്ഞു. ഇംഗ്ലീഷ് കുപ്പായത്തില്‍ വീണ്ടും ഹസീബിനെ കാണുമെന്ന കാര്യത്തില്‍ തനിക്കു യാതൊരു സംശയവുമില്ലെന്നൂം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ ഹസീബ് ഹമീദിനെ ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ തന്നെ എക്‌സ്‌റേക്കു വിധേയമാക്കിയിരുന്നു.