കോഴിക്കോട്: അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ തലയില്‍ മുണ്ടിട്ട് പോവുന്ന മന്ത്രി കെ.ടി ജലീലിനെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ. സ്ഥരിമായി അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ വിശദീകരണം നല്‍കാന്‍ തലയില്‍ മുണ്ടിട്ട് പോവുന്ന ജലീലിന് തോര്‍ത്ത് വാങ്ങാന്‍ എന്റെ വക 25 എന്നാണ് ബല്‍റാം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്റെ വക 25 എന്ന ഹാഷ്ടാഗ് ക്യാമ്പയിന്‍ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്.

സ്ഥിരമായി ഓരോരോ ഓഫീസുകളിൽ കൊച്ചുവെളുപ്പാൻ കാലത്ത് "വിശദീകരണം നൽകാൻ" പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ?#EnteVaka25

Posted by VT Balram on Wednesday, September 16, 2020

ഇന്ന് പുലര്‍ച്ചെയാണ് കെ.ടി ജലീല്‍ കൊച്ചി എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിന് രഹസ്യമായി എത്തിയത്. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് ഇത്തവണയും മന്ത്രി എത്തിയത്. മാധ്യമപ്രവര്‍ത്തകന്‍ വിളിച്ചപ്പോള്‍ തിരിഞ്ഞുനോക്കാതെ മന്ത്രി എന്‍ഐഎ ഓഫീസിലെക്ക് കയറിപ്പോവുകയായിരുന്നു. സ്വര്‍ണക്കടത്ത് സംബന്ധിച്ചാണ് എന്‍ഐഎ മന്ത്രിയെ ചോദ്യം ചെയ്യുന്നത്.

എന്‍ഐഎ ചോദ്യം ചെയ്ത മന്ത്രിക്ക് ഇനി ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷനേതാക്കള്‍ പറഞ്ഞു. അല്‍പമെങ്കിലും ധാര്‍മ്മികതയുണ്ടെങ്കില്‍ രാജിവെക്കാന്‍ മന്ത്രി തയ്യാറാവണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.