കൊച്ചി : കസ്റ്റഡി മരണക്കേസുകള്‍പൊലീസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ നിര്‍ദ്ദേശിക്കണമെന്ന ഹര്‍ജിയിലെ പ്രാഥമിക വാദം കേള്‍ക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസിനെതിരെയുള്ള അന്വേഷണം പൊലിസ് തന്നെ നടത്തുന്നത് നീതി പൂര്‍വ്വകമാവില്ലെന്നു ഹര്‍ജി ഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കസ്റ്റഡി മരണങ്ങളില്‍ പൊലീസ് അന്വേഷണം നീതിപൂര്‍വകവും നിക്ഷ്പക്ഷവുമാവില്ലെന്നും ബാഹ്യ എജന്‍സികള്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്നും ഹര്‍ജി ഭാഗം ചൂണ്ടിക്കാട്ടി. കേസില്‍ കോടതി സര്‍ക്കാരിന്റെയും
സി.ബി.ഐയുടേയും വിശദീകരണം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തന്റെ കുടുംബത്തിനുണ്ടായ നഷ് ടത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തു കൊണ്ടുവരുന്നതിന് സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. പൊലീസ് പ്രതിയാകുമ്പോള്‍ അവര്‍ തന്നെ അന്വേഷണം നടത്തുന്നത് ശരിയല്ലെന്നും ജസ്റ്റിസ് പി.സോമരാജന്‍ വ്യകതമാക്കി. ശ്രീജിത്തിനെ പ്രതിചേര്‍ത്തതിലും അറസ്റ്റ് ചെയ്തതിലും ബാഹ്യ ഇടപെടലുണ്ടോയെന്നത് പരിശോധിക്കേണ്ടതാണെന്നും ഹര്‍ജിയില്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജിന്റെ നേതൃത്വത്തില്‍ ബി.ജെ.പിക്കാരെ പ്രതിച്ചേര്‍ത്തതിനുള്ള ഇരയാണ് ശ്രീജിത്തെന്നും കേസില്‍ തന്നെയും കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്ണനും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. മെയ് നാലിനു കേസ് പരിഗണിക്കും.