വാഷിങ്ടണ്‍: ഓര്‍മ്മപ്പുസ്തകത്തിന്റെ ഒന്നാംഭാഗമായ എ പ്രോമിസ്ഡ് ലാന്‍ഡില്‍ മുന്‍ പ്രധാനമന്ത്രി ഡോ മന്‍മഹോന്‍ സിങിനെ പ്രശംസ കൊണ്ട് മൂടി യുഎസ് മുന്‍ പ്രസിഡണ്ട് ബറാക് ഒബാമ. അസാമാന്യ ജ്ഞാനവും സാമര്‍ത്ഥ്യവുമുള്ള നേതാവാണ് ഡോ സിങ് എന്നാണ് ഒബാമ അനുസമരിക്കുന്നത്. മന്‍മോഹനുമായുള്ള ബന്ധത്തെ കുറിച്ച് ഓര്‍ത്തെടുക്കുന്ന ഒബാമ, സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെ കുറിച്ചും മഹാത്മാഗാന്ധി ഗാന്ധി തന്നില്‍ വരുത്തിയ സ്വാധീനത്തെ കുറിച്ചും എഴുതുന്നുണ്ട്.

2010 നവംബറില്‍ ഇന്ത്യയില്‍ ആദ്യമായി എത്തിയ ഒബാമ മന്‍മോഹന്‍ സിങിനെ കുറിച്ച് എഴുതുന്നത് ഇങ്ങനെ;

‘വെള്ളത്താടിയും സിഖ് തലപ്പാവും ധരിച്ച മാന്യനും മൃദുഭാഷിയുമായ എഴുപതിലെത്തിയ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍. എന്നാല്‍ പടിഞ്ഞാറന്‍ കണ്ണുകള്‍ അദ്ദേഹത്തിന് ഒരു വിശുദ്ധന്റെ പരിവേശം നല്‍കി. 1990കളില്‍ ദശലക്ഷക്കണക്കിന് ഇന്ത്യയ്ക്കാരെ പട്ടിണിയില്‍ നിന്ന് രക്ഷിച്ച ധനമന്ത്രിയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ അതീവ ബുദ്ധിയും വിചാരവുമുള്ള, അങ്ങേയറ്റം ആത്മാര്‍ത്ഥതയുമുള്ള ഒരാളായാണ് സിങിനെ എനിക്ക് കാണാനായത്’

മന്‍മോഹന്റെ വിദേശനയത്തെ കുറിച്ച് പറയുന്നിടത്താണ് അസാധാരണ വിവകശാലിയായ ഒരാള്‍ എന്ന് ഒബാമ വിശേഷിപ്പിക്കുന്നത്.

‘വിദേശനയത്തില്‍ അങ്ങേറ്റം ബോധവാനായിരുന്ന, യുഎസുമായുള്ള ചരിത്രപരമായ ബന്ധത്തെ സംശയദൃഷ്ടിയോടെ കണ്ട ഉദ്യോഗസ്ഥരെ കുറിച്ച് പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വേളയില്‍ തന്നെ ഞങ്ങളൊന്നിച്ചുള്ള കാലത്ത്, അദ്ദേഹത്തെ അസാമാന്യ വിവേകവും മാന്യതയും ഉള്ള ഒരാളായാണ് എനിക്ക് തോന്നിയത്. ന്യൂഡല്‍ഹിയിലേക്കുള്ള വരവില്‍ തന്നെ ഭീകരവിരുദ്ധത, ആഗോള ആരോഗ്യം, ആണവ സുരക്ഷ, വ്യാപാരം എന്നിവയില്‍ ഞങ്ങള്‍ കരാര്‍ ഒപ്പുവച്ചു’.

2010ല്‍ ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ വരവ് പ്രത്യേകമായി ഓര്‍ക്കുന്നുണ്ടെന്ന് ഒബാമ പറയുന്നു. ഗാന്ധിജിയുടെ ജീവിതത്തെ കുറിച്ചം പാരമ്പര്യത്തെ കുറിച്ചും അദ്ദേഹം പുസ്തകത്തില്‍ ദീര്‍ഘമായി എഴുതുന്നു. ഗാന്ധിജിയുടെ മുംബൈയിലെ വസതിയായ മണിഭവനില്‍ ഭാര്യ മിഷേലിനൊപ്പമെത്തിയതും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെ ആക്രമിക്കാതെ സംയമനം പാലിച്ചു നിന്ന മന്‍മോഹന്‍സിങിന് രാഷ്ട്രീയമായി വില കൊടുക്കേണ്ടി വന്നു എന്ന് ഒബാമ ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിം വിരുദ്ധ വികാരം ഉയരുന്നത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമാകും എന്ന ഭയമായിരുന്നു അദ്ദേഹത്തിന്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്‍മോഹന്‍ സിങിന്റെ ഒന്നാമൂഴത്തിന്റെ അവസാനം വരെയുള്ള (2011) ഓര്‍മകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ 2014ല്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പുസ്തകത്തിലില്ല. ഓര്‍മപ്പുസ്തകത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്ന തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.