ഗ്വാളിയോര്‍: മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരില്‍ ഗ്വാളിയോറില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ തീരുമാനം. ഇതിന്റെ മുന്നൊരുക്കമെന്ന നിലയില്‍ ഗ്വാളിയോര്‍ ഓഫീസില്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ചു. ഗോഡ്‌സെയുടെ പേരില്‍ നഗരത്തില്‍ ക്ഷേത്രം നിര്‍മിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിനോട് ഹിന്ദു മഹാസഭ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്.

ഗാന്ധി വധത്തിന് ഒരാഴ്ച മുമ്പ് ഗോഡ്‌സെ താമസിച്ചിരുന്ന സ്ഥലമാണ് ഗ്വാളിയോറിലെ ഹിന്ദു മഹാസഭാ ഓഫീസെന്നും ഇത് അദ്ദേഹത്തിന്റെ കര്‍മസ്ഥലമായാണ് അറിയപ്പെടുന്നതെന്നും അഖില ഭാരതീയ ഹിന്ദു മഹാസഭാ വൈസ് പ്രസിഡന്റ് ജയ്‌വീര്‍ ഭരദ്വാജ് പറഞ്ഞു. ഗാന്ധിയന്‍ കാഴ്ചപ്പാടില്‍ രാജ്യത്ത് മാറ്റം വരികയാണെന്നും ഗോഡ്‌സെക്ക് ക്ഷേത്രമോ, പ്രതിമയോ നിര്‍മിക്കുന്നതില്‍ ആര്‍ക്കും പ്രശ്‌നമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഇതേക്കുറച്ചുള്ള ചോദ്യത്തിന് ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.