ഡല്‍ഹി: മാരുതി ഉള്‍പ്പെടെ വിവിധ വാഹനനിര്‍മ്മാണ കമ്പനികള്‍ക്ക് പിന്നാലെ ഹോണ്ടയും കാറുകളുടെ വില വര്‍ധിപ്പിക്കുന്നു. ഓഗസ്റ്റില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ജപ്പാന്‍ കമ്പനിയായ ഹോണ്ട അറിയിച്ചു. മാരുതി ഉള്‍പ്പെടെ വിവിധ കമ്പനികളുടെ കാറുകളുടെ വില ഈ മാസം വര്‍ധിക്കും.

മറ്റു കമ്പനികളെ പോലെ തന്നെ അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിച്ചതാണ് വില കൂട്ടാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ഹോണ്ട അറിയിച്ചു. സ്റ്റീല്‍ ഉള്‍പ്പെടെ വിലപ്പിടിപ്പുള്ള ലോഹങ്ങളുടെ വില ഉയര്‍ന്നിരിക്കുകയാണ്. ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ് കാറുകളുടെ വില ഉയര്‍ത്താന്‍ തീരുമാനിച്ചത്. മോഡലുകള്‍ക്ക് അനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടാകുമെന്ന് കമ്പനി അറിയിച്ചു.

ഈ വര്‍ഷം മൂന്നാമത്തെ തവണയാണ് ഹോണ്ട വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ഹോണ്ട സിറ്റി ഉള്‍പ്പെടെ അഞ്ചു കാറുകളാണ് ഇന്ത്യയില്‍ ഹോണ്ട വില്‍ക്കുന്നത്.