ഇസ്‌ലാമാബാദ്: ഫ്രാന്‍സിന് മുസ്‌ലിംകളോട് വെറുക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ ഫ്രാന്‍സ് ഉല്‍പന്നങ്ങളെ ബഹിഷ്‌കരിക്കാന്‍ തങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ഇതിഹാസം ഷുഐബ് അക്തര്‍. ട്വിറ്ററിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

‘മാക്രോണ്‍: കാര്‍ട്ടൂണുകള്‍ ഫ്രാന്‍സ് ഉപേക്ഷിക്കില്ല. മാക്രോണ്‍ തന്നെ വീണ്ടും പറയുന്നു: ഫ്രഞ്ച് ചരക്കുകള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം മുസ്‌ലിം രാജ്യങ്ങള്‍ ദയവായി ഉപേക്ഷിക്കുക. നിങ്ങള്‍ക്ക് വെറുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കില്‍, നിങ്ങളുടെ വിദ്വേഷം നിരസിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കും ഉണ്ട്.’ എന്നാണ് അക്തറിന്റെ ട്വീറ്റ്.

ഫ്രഞ്ച് സര്‍ക്കാരിന്റെ പ്രവാചക നിന്ദയെയും മുസ്‌ലിം വിദ്വേഷത്തെയും തുടര്‍ന്ന് നിരവധി രാജ്യങ്ങളില്‍ നിന്ന് ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനെ അനുകൂലിച്ച് ആളുകള്‍ രംഗത്തു വന്നിരുന്നു. അറബ് രാജ്യങ്ങള്‍, തുര്‍ക്കി, ബംഗ്ലാദേശ് പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെല്ലാം ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ക്കെതിരെ വന്‍ തോതിലുള്ള ക്യാമ്പയിനാണ് നടക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ചെന്നാരോപിച്ച് ഒരുകൂട്ടം ആളുകള്‍ സാമുവല്‍ പാറ്റിയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഫ്രഞ്ച് സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ മുസ്‌ലിം വിരുദ്ധമാണെന്നാരോപിച്ചുകൊണ്ടാണ് ബഹിഷ്‌കരണ ആഹ്വാനം പടര്‍ന്നത്.