സിഡ്‌നി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ അല്‍പം വിയര്‍പ്പൊഴുക്കിയാലല്ലാതെ സമനില പോലും ആവില്ല. ഇന്ത്യക്ക് മുന്നില്‍ 407 റണ്‍സ് വിജയലക്ഷ്യവുമായി ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്തു. ഒന്നാം ഇന്നിങ്‌സില്‍ 94 റണ്‍സിന്റെ ലീഡുള്ള ഓസീസ് രണ്ടാം ഇന്നിങ്‌സില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുക്കുകയായിരുന്നു.

ഒരു ദിവസത്തെ കളിയും ഒരു സെഷനും ബാക്കിയുണ്ട് ഇനി കളിയുടെ ഗതി തീരുമാനിക്കാന്‍. തോല്‍വി ഒഴിവാക്കാനായിട്ട് ഇന്ത്യ 100 ഓവറില്‍ അധികം പിടിച്ചു നില്‍ക്കുമോ എന്നാണ് ഉറ്റു നോക്കുന്നത്. ജയിക്കുക എന്നത് നിലവിലെ സ്ഥിതിയില്‍ ഇന്ത്യക്ക് ഏറെക്കുറേ അസാധ്യമാണെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഓസ്‌ട്രേലിയന്‍ നിരയില്‍ മൂന്നു പേര്‍ അര്‍ധസെഞ്ചുറി നേടി. മാര്‍നസ് ലബുഷെയ്ന്‍ (118 പന്തില്‍ 73), സ്റ്റീവ് സ്മിത്ത് (167 പന്തില്‍ 81), കാമറൂണ്‍ ഗ്രീന്‍ (132 പന്തില്‍ 84) എന്നിവരാണ് ഓസീസ് ഇന്നിങ്‌സിന്റെ നട്ടെല്ലായി മാറിയ അര്‍ധസെഞ്ചുറിക്കാര്‍. ക്യാപ്റ്റന്‍ ടിം പെയ്ന്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു. ഡേവിഡ് വാര്‍ണര്‍ (29 പന്തില്‍ 13), വില്‍ പുകോവ്‌സ്‌കി (16 പന്തില്‍ 10), മാത്യു വെയ്ഡ് (11 പന്തില്‍ നാല്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഇന്ത്യയ്ക്കായി നവ്ദീപ് സെയ്‌നി, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.