സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ആതിഥേയരെ 335 റണ്‍സിന് പുറത്താക്കിയ ഇന്ത്യ രണ്ടാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെടുത്തിട്ടുണ്ട്. വിരാട് കോഹ്ലിയും(39) മുരളി വിജയും(31)ആണ് ക്രീസില്‍. ലോകേഷ് രാഹുല്‍(10),ചേതേശ്വര്‍ പൂജാര(0) എന്നിവരാണ് പുറത്തായത്.

ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 6 ന് 269 എന്ന നിലയിലായിരുന്നു. ഇന്ന് 66 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പുറത്തായത്. ഫഫ് ഡുപ്ലെസിസ്(63), കേശവ് മഹാരാജ്(18) എന്നിവരുടെ ഇന്നിങ്‌സുകളാണ് ആതിഥേയരെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. നേരത്തെ, മാര്‍ക്രം(94) , ഹാഷിം അംല(82) എന്നിവരും മികച്ച ബാറ്റിങ് കാഴ്ച്ചവെച്ചിരുന്നു.
ഇന്ത്യക്കുവേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ നാലും, ഇശാന്ത് ശര്‍മ്മ മൂന്നും വിക്കറ്റെടുത്തു.

ഇന്ന് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ലോകേഷ് രാഹുലിനെയാണ് ആദ്യം നഷ്ടമായത്. മോര്‍ക്കലിന് റിട്ടേണ്‍കാച്ച് നല്‍കിയാണ് രാഹുല്‍ മടങ്ങിയത്. പൂജാര നേരിട്ട ആദ്യ പന്തില്‍തന്നെ റണ്ണൗട്ടാവുകയായിരുന്നു.