അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. എട്ട് റണ്‍സിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപ്പെടുത്തിയത്.ഇതോടെ പരമ്പര 2-2 ന് സമനിലയിലായി.

ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് സ്‌കോര്‍ 15-ല്‍ എത്തിയപ്പോള്‍ തന്നെ ജോസ് ബട്ട്‌ലറുടെ (9) വിക്കറ്റ് നഷ്ടമായി.

പിന്നാലെ ജേസണ്‍ റോയിയും ഡേവിഡ് മലാനും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 14 റണ്‍സെടുത്ത മലാനെ മടക്കി രാഹുല്‍ ചാഹറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

വൈകാതെ ജേസണ്‍ റോയിയെ ഹാര്‍ദിക് മടക്കി. 27 പന്തില്‍ ഒരു സിക്‌സും ആറു ഫോറുമടക്കം 40 റണ്‍സെടുത്താണ് റോയ് പുറത്തായത്.

പിന്നീട് നാലാം വിക്കറ്റില്‍ ഒന്നിച്ച ജോണി ബെയര്‍സ്‌റ്റോ – ബെന്‍ സ്‌റ്റോക്ക്‌സ് സഖ്യം 65 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചിരുന്നു.

17-ാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ സ്റ്റോക്ക്‌സിനെയും ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനെയും മടക്കിയ ശാര്‍ദുല്‍ താക്കൂറാണ് പിന്നീട് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്.

23 പന്തില്‍ നിന്ന് മൂന്നു സിക്‌സും നാലു ഫോറുമടക്കം 46 റണ്‍സെടുത്താണ് സ്‌റ്റോക്ക്‌സ് മടങ്ങിയത്.

മോര്‍ഗന് ആറു പന്തില്‍ നിന്ന് നാലു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സാം കറന്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായി. എട്ടു പന്തില്‍ നിന്ന് 18 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചര്‍ അവസാനം ഇന്ത്യയെ വിറപ്പിച്ചെങ്കിലും വിജയിക്കാനാവശ്യമായ റണ്‍സ് കണ്ടെത്താനായില്ല.

ഇന്ത്യയ്ക്കായി ശാര്‍ദുല്‍ താക്കൂര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യയും രാഹുല്‍ ചാഹറും രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തിരുന്നു.

അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.