ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് പണം അപഹരിച്ച് വിദേശത്തേക്ക് രക്ഷപ്പെട്ട ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്ത് സഊദിയില്‍ എത്തിച്ചതായി സഊദി ഇന്റര്‍പോള്‍ അറിയിച്ചു. പണാപഹരണം നടത്തിയ ഇന്ത്യക്കാരന്‍ അനധികൃത രീതിയില്‍ രാജ്യം വിടുകയായിരുന്നു. വെട്ടിപ്പ് കമ്പനിയധികൃതരുടെ ശ്രദ്ധയില്‍ പെടുന്നതിന് മുമ്പായിരുന്നു ഇത്.
പണാപഹരണ കേസ് പ്രതി അനധികൃത രീതിയില്‍ സഊദി അറേബ്യ വിട്ടതായി സഊദി ഇന്റര്‍പോളിന് വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്ത് നീതിപീഠത്തിന് മുന്നില്‍ ഹാജരാക്കുന്നതിന് സഊദി ഇന്റര്‍പോള്‍ ശ്രമം ആരംഭിച്ചു. ഒക്‌ടോബര്‍ 25 ന് ഇന്ത്യക്കാരനെ സഊദിയില്‍ തിരിച്ചെത്തിക്കുന്നതിന് സാധിച്ചതായി സഊദി ഇന്റര്‍പോള്‍ അറിയിച്ചു.