ഗോവ: ഏഷ്യാ കപ്പ് ഫുട്‌ബോള്‍ യോഗ്യതയിലെ അവസാന ഹോം മത്സരത്തില്‍ ഇന്ത്യ ഇന്ന് മ്യാന്‍മാറിനെ നേരിടും. നേരത്തെ യോഗ്യതയുറപ്പിച്ച ഇന്ത്യ തങ്ങളുടെ അപരാജിത കുതിപ്പ് തുടരാനുള്ള ലക്ഷ്യവുമായാണ് കളത്തിലറങ്ങുക.നായകന്‍ സുനില്‍ ഛേത്രിയുടെ കീഴില്‍ കഴിഞ്ഞ 11 മത്സരങ്ങളില്‍ ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല. ഗോവയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഇന്ന് (ചൊവ്വാഴ്ച)രാത്രി 7.30നാണ് മത്സരം. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കളി തല്‍സമയം സ്റ്റാര്‍ വണില്‍ കാണാം.

ഗ്രൂപ്പില്‍ കളിച്ച നാലുകളികളിലും വിജയകൊടി പാറിച്ച ഇന്ത്യ 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. നേരത്തെ മ്യാന്‍മാറിനെ അവരുടെ മണ്ണില്‍ നേരിട്ട ഇന്ത്യ, കളിയുടെ അവസാന മിനുട്ടില്‍ നായകന്‍ സുനില്‍ ഛേത്രിയുടെ ഗോളില്‍ വിജയം കൈവരിക്കുകയായിരുന്നു. ഗ്രൂപ്പില്‍ നാലു പോയിന്റു വീതമുള്ള കിര്‍ഗിസ്താനും മ്യാന്‍മാറുമാണ്‌ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മകാവു ഒരു പോയിന്റുമായി ഒടുവിലാണ് ഗ്രൂപ്പില്‍.

ടീമിന്റെ ന്യൂനതകളും കരുത്തും അളക്കാനും പരിഹരിക്കാനുമുള്ള മത്സരമാണിത്. പരിചയ സമ്പന്നമായ പരിശീലകനു കീഴില്‍ അച്ചടക്ക ഫുട്‌ബോളാണ് മ്യാന്‍മാര്‍ കാഴ്ചവെക്കുന്നത്. യോഗ്യതനേടിയെന്നു കരുത്തി മത്സരത്തെ നിസ്സാരമായി കാണാന്‍ ഞാനില്ല. ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ കളിക്ക് മുന്നോടിയായിയുള്ള വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.