ഷാര്‍ജ: ഐപിഎല്ലിലെ 46ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് കിങ്‌സ് ഇലവന്‍ പഞ്ചാബ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു. തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. പോയന്റ് പട്ടികയില്‍ പഞ്ചാബ് നാലാം സ്ഥാനത്തേക്കുയര്‍ന്നു.

അര്‍ധ സെഞ്ചുറി നേടിയ മന്‍ദീപ് സിങ്ങും ക്രിസ് ഗെയ്‌ലുമാണ് പഞ്ചാബിന്റെ വിജയം എളുപ്പമാക്കിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മന്‍ദീപിന് പിതാവിനെ നഷ്ടമായത്. 56 പന്തില്‍ നിന്ന് രണ്ടു സിക്‌സും എട്ട് ഫോറുമടക്കം 66 റണ്‍സെടുത്ത മന്‍ദീപ്, അര്‍ധ സെഞ്ചുറി പിന്നിട്ട ശേഷം ആകാശത്തേക്ക് നോക്കി പിതാവ് ഹര്‍ദേവ് സിങ്ങിനെ സ്മരിച്ചു. 5 സിക്‌സറുകള്‍ പറത്തിയ ഗെയ്ല്‍ 29 പന്തുകള്‍ നേരിട്ട് 51 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ 28 റണ്‍സെടുത്ത് പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
അര്‍ധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയ്ക്കായി തിളങ്ങിയത്. 45 പന്തുകള്‍ നേരിട്ട ഗില്‍ നാല് സിക്‌സും രണ്ടു ഫോറുമടക്കം 57 റണ്‍സെടുത്തു.

ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയെ ഞെട്ടിച്ചാണ് പഞ്ചാബ് ബൗളര്‍മാര്‍ തുടങ്ങിയത്. 12 പന്തുകള്‍ക്കുള്ളില്‍ തന്നെ ഗ്ലെന്‍ മാക്‌സ്‌വെല്ലും മുഹമ്മദ് ഷമിയും ചേര്‍ന്ന് നിതീഷ് റാണ (0), രാഹുല്‍ ത്രിപാഠി (7), ദിനേഷ് കാര്‍ത്തിക്ക് (0) എന്നിവരെ പവലിയനിലെത്തിച്ചു.

എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ സഖ്യം പഞ്ചാബ് ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ തുടങ്ങി. ഇരുവരും ചേര്‍ന്ന് പവര്‍പ്ലേയില്‍ കൊല്‍ക്കത്തയെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയിലെത്തിച്ചു.

സ്‌കോര്‍ 91ല്‍ നില്‍ക്കെ 25 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 40 റണ്‍സെടുത്ത മോര്‍ഗനെ മടക്കി രവി ബിഷ്‌ണോയിയാണ് കൊല്‍ക്കത്തയെ വീണ്ടും പ്രതിരോധത്തിലാക്കിയത്. ഗില്ലിനൊപ്പം നാലാം വിക്കറ്റില്‍ 81 റണ്‍സ് ചേര്‍ത്ത ശേഷമാണ് മോര്‍ഗന്‍ മടങ്ങിയത്.

13 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത ലോക്കി ഫെര്‍ഗൂസനാണ് കൊല്‍ക്കത്തയെ 149ല്‍ എത്തിച്ചത്.സുനില്‍ നരെയ്ന്‍ (6), കമലേഷ് നാഗര്‍കോട്ടി (6), പാറ്റ് കമ്മിന്‍സ് (1), വരുണ്‍ ചക്രവര്‍ത്തി (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.പഞ്ചാബിനാായി ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി. ക്രിസ് ജോര്‍ദനും രവി ബിഷ്‌ണോയിയും രണ്ടു വിക്കറ്റ് വീതമെടുത്തു.