അബുദാബി: കിങ്‌സ് ഇലവന്‍ പഞ്ചാബ് ഡല്‍ഹി കാപ്പിറ്റല്‍സ് മത്സരം ആവേശകരമായിട്ടായിരുന്നു അവസാനിച്ചത്. സൂപ്പര്‍ ഓവറിലേക്ക് കടന്ന മത്സരത്തില്‍ ഡല്‍ഹി വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 8 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തപ്പോള്‍ പഞ്ചാബും 8ന് 157 റണ്‍സ് എന്ന നിലയില്‍ ഫിനിഷ് ചെയ്തു. സൂപ്പര്‍ ഓവറില്‍ ആദ്യ ബാറ്റ് ചെയ്ത പഞ്ചാബിന് തുടരെ രണ്ട് വിക്കറ്റ് വീണതോടെ 2 റണ്‍സ് എന്ന ലക്ഷ്യമേ മുന്നോട്ടുവെക്കാനായുള്ളൂ. ഡല്‍ഹി അത് അനായാസം നേടുകയായിരുന്നു.

അതിനിടെ മത്സരം ആവേശകരമായി നീങ്ങവെ 19ാം ഓവറില്‍ അമ്പയര്‍ നിതിന്‍ മേനോന്റെ ഒരു പിഴവാണ് പഞ്ചാബിന്റെ തോല്‍വിക്കിടയാക്കിയതെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. കാഗിസോ റബാഡയുടെ പന്തില്‍ മായങ്ക് അഗവര്‍വാള്‍ രണ്ട് റണ്‍സെടുത്തെങ്കിലും ആദ്യ റണ്‍സ് പൂര്‍ത്തിയാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി നിതിന്‍ മേനോന്‍ ഒരു റണ്‍സ് കുറച്ചിരുന്നു. എന്നാല്‍, ടിവി റീപ്ലേയില്‍ ബാറ്റ്‌സ്മാന്‍ ബാറ്റ് ക്രീസിനുള്ളില്‍ എത്തിച്ചിരുന്നതായി വ്യക്തമായി. ഈ റണ്‍സ് പഞ്ചാബിന് ലഭിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നെന്നാണ് മുന്‍ കളിക്കാരുടെ വിലയിരുത്തല്‍.