ഷാര്‍ജ: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്‍ 2020 ന്റെ പ്ലേ ഓഫില്‍. മുംബൈ സൂപ്പര്‍ കിംങ്‌സിനെ 10 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് ലീഗിലെ മൂന്നാം സ്ഥാനക്കാരായത്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ടീമിന് അനായാസ വിജയം സമ്മാനിച്ചത്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 58 പന്തില്‍ 85 റണ്‍സെടുത്തപ്പോള്‍ വൃദ്ധിമാന്‍ സാഹ 45 പന്തില്‍ 58 റണ്‍സെടുത്തു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തിരുന്നു. മികച്ച പ്രകടനം പുറത്തെടുത്ത സണ്‍റൈസേഴ്‌സ് ബൗളര്‍മാരാണ് മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. സന്ദീപ് ശര്‍മ മൂന്നുവിക്കറ്റെടുത്ത് സണ്‍റൈസേഴ്‌സിനായി തിളങ്ങി. ജേസണ്‍ ഹോള്‍ഡര്‍, ഷഹബാസ് നദീം എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീഴ്ത്തി. 41 റണ്‍സെടുത്ത കീറണ്‍ പൊള്ളാര്‍ഡാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയെ സ്‌കോര്‍ 12ല്‍ നില്‍ക്കെ മുംബൈയ്ക്ക് നഷ്ടമായി. സന്ദീപ് ശര്‍മയാണ് വിക്കറ്റെടുത്തത്. പരിക്കില്‍ നിന്നും മോചിതനായി ടീമിലെത്തിയ നായകന് വെറും നാല് റണ്‍സ് മാത്രമാണ് നേടാനായത്.