ഷാര്‍ജ: ഐപിഎല്ലിലെ ഇന്നു നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം. മുംബൈ ഉയര്‍ത്തിയ 209 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റു ചെയ്ത ഹൈദരാബാദിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ 34 റണ്‍സ് ജയം നേടിയ മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഹൈദരാബാദ് ആറാം സ്ഥാനത്തേക്ക് താഴ്ന്നു. 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് മുംബൈ 208 റണ്‍സെടുത്തത്.

ടോസ് നേടി മുംബൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്വിന്റണ്‍ ഡി കോക്കിന്റെ അര്‍ധ സെഞ്ച്വറിയാണ് മുംബൈയെ മികച്ച ടോട്ടലില്‍ എത്തിച്ചത്. 67 റണ്‍സാണ് ഡികോക്ക് അടിച്ചെടുത്തത്. കൂടാതെ ഇഷാന്‍ കിഷനും (31 റണ്‍സ്), ഹാര്‍ദിക് പാണ്ഡ്യയും (28) സൂര്യകുമാര്‍ യാദവും (27) ടീം സ്‌കോര്‍ വേഗത്തിലാക്കി. കീറന്‍ പൊള്ളാര്‍ഡ് 13 പന്തില്‍ 25 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ഹൈദരാബാദിനായി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ 44 പന്തില്‍ 60 റണ്‍സെടുത്തു. മനീഷ് പാണ്ഡെ 19 പന്തുകള്‍ നേരിട്ട് 30 റണ്‍സുമെടുത്തു. മുംബൈക്കായി ബോള്‍ട്ടും പാറ്റിന്‍സണും ബുമ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് ക്വിന്റണ്‍ ഡി കോക്കിക്കിന്റെ (67) അര്‍ധ സെഞ്ചുറിയാണ് തുണയായത്. ഇഷാന്‍ കിഷന്‍ (31), സൂര്യകുമാര്‍ യാദവ് (27), ഹാര്‍ദിക് പാണ്ഡ്യ (28), കീറണ്‍ പൊള്ളാര്‍ഡ് (13 പന്തില്‍ പുറത്താവാതെ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഹൈദരാബാദിനായി സന്ദീപ് ശര്‍മ, സിദ്ധാര്‍ത്ഥ് കൗള്‍ രണ്ട് വിക്കറ്റെടുത്തു.