ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ടൂര്‍ണമെന്റിനു ദുബൈയിലെത്തിയ ചെന്നൈ സൂപര്‍ കിങ്‌സ് സംഘത്തിലെ പേസ് ബൗളര്‍ ദീപക് ചാഹര്‍ ഉള്‍പെടെ 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടീം സ്റ്റാഫിലെ 12 പേര്‍ക്കും ദീപക് ചാഹറിനുമാണ് രോഗബാധയെന്നാണ് പ്രാഥമിക വിവരം. ഐപിഎല്‍ സംഘാടകര്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മഹേന്ദ്ര സിങ് ധോനിയുടെ നേതൃത്വത്തിലുള്ള ചെന്നൈ ടീം 21ന് ദുബൈയിലെത്തി ആറു ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി ഇന്നലെ പരിശീലനം തുടങ്ങാനിരിക്കെയാണ് സംഭവം. കോവിഡ് പരിശോധനാ ഫലം പോസിറ്റിവായതോടെ ടീം ഒരാഴ്ച കൂടി ക്വാറന്റീനില്‍ കഴിയണം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവെച്ച ഐപിഎല്‍ ടൂര്‍ണമെന്റ് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ സെപ്തംബര്‍ 19ന് യുഎഇയില്‍ ആരംഭിക്കാനിരിക്കെയാണ് ഈ തിരിച്ചടി. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സുമായുള്ള ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടേണ്ട ചെന്നൈ ടീമിന്റെ പരിശീലനം വൈകുന്നത് ടൂര്‍ണമെന്റിന്റെ നടത്തിപ്പിനെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. പരിശീലനം തുടങ്ങുംമുമ്പ് ടീമിലെ എല്ലാവരും മൂന്നുതവണ കോവിഡ് പരിശോധന നടത്തി നെഗറ്റിവ് സര്‍ട്ടിഫികറ്റ് നേടണമെന്നാണ് ബിസിസിഐ നിബന്ധന.