പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തോല്‍വി മറന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയപാതയില്‍ തിരിച്ചെത്തിയപ്പോള്‍ പൂനെക്ക്് വീണ്ടും പരാജയ ഗര്‍ത്തത്തില്‍. ഇരു ടീമുകളിലും രണ്ടു പേര്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പൂനെയുെട തോല്‍വി. 79-ാം മിനുട്ടില്‍ എമില്യാനോ അല്‍ഫാരോയാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്. ജയത്തോടെ പോയിന്റ് ടേബിളില്‍ മുംബൈ സിറ്റിയെ പിന്തള്ളി ഒന്നാമതെത്താനും നോര്‍ത്ത് ഈസ്റ്റിനു സാധിച്ചു. നാലു മത്സരങ്ങളില്‍ ഒമ്പതു പോയിന്റാണ് നേട്ടം. മൂന്നു കളികളില്‍ മൂന്നു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് പൂനെ. മൂന്നു കളികളില്‍ ഏഴു പോയിന്റുമായി മുംബൈ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നു.

 

കഴിഞ്ഞ മത്സരത്തില്‍ സീസണിലെ ആദ്യ വിജയം നുകര്‍ന്ന പൂനെയും ആദ്യ പരാജയം നേരിട്ട നോര്‍ത്ത് ഈസ്റ്റും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. പന്തടക്കത്തില്‍ പൂനെക്കായിരുന്നു നേരിയ മുന്‍തൂക്കം. 36-ാം മിനുട്ടില്‍ തന്നെ ഇന്ത്യന്‍ പ്രതിരോധ താരം നിര്‍മല്‍ ഛേത്രിയെ നഷ്ടമായി പത്തു പേരിലേക്ക് ചുരുങ്ങിയിട്ടും നോര്‍ത്ത് ഈസ്റ്റ് ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. 71-ാം മിനുട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പൂനെ ഡിഫന്‍ഡര്‍ എഡ്വാര്‍ഡോ ഫെരീറയും മടങ്ങിയതോടെ ഇരുടീമുകളും വീണ്ടും എണ്ണത്തില്‍ തുല്യമായി. ഫെരീറ പുറത്തായി എട്ടാം മിനുട്ടിലായിരുന്നു അല്‍ഫാരോയുടെ ഗോള്‍.