ബാംഗളൂരു: വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ലെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രയാന്‍ 2 വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ വീണത് തകര്‍ന്നല്ല. ഹാര്‍ഡ് ലാന്‍ഡിങ്ങിനെ തുടര്‍ന്ന് പര്യവേഷണ വാഹനത്തിന് തകരാറുകള്‍ ഉണ്ടായിട്ടില്ല. ലിങ്ക് ചെയ്യാനുള്ള ശ്രമം തുടരുകയാണ്. പ്രതീക്ഷയുണ്ടെന്നും ശാസ്ത്രജ്ഞര്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

‘ലാന്‍ഡ് ചെയ്യാന്‍ ഉദ്ദേശിച്ച സ്ഥലത്തിന് വളരെ അടുത്ത് തന്നെയാണ് വിക്രം വീണത്. ഓര്‍ബിറ്റര്‍ ക്യാമറ പകര്‍ത്തിയ ഫോട്ടോകളില്‍ ഇത് വ്യക്തമാണ്. ലാന്‍ഡര്‍ തകര്‍ന്നിട്ടില്ല. കഷണങ്ങളുമായിട്ടില്ല. ചരിഞ്ഞാണ് വീണിരിക്കുന്നത്’ ഐഎസ്ആര്‍ഒ ഉന്നതോദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സി പിറ്റിഐയോട് വെളിപ്പെടുത്തി

ഒരു ചാന്ദ്രദിവസം ആണ് വിക്രം ലാന്‍ഡറിനും പ്രഗ്യാന്‍ റോവറിനും ആയുസ്സ്. അത് ഭൂമിയിലെ 14 ദിവസങ്ങള്‍ വരും. എല്ലാക്കാര്യങ്ങളും ശരിയായാല്‍ മാത്രമേ ആശയവിനിമയം പുനസ്ഥാപിക്കാന്‍ കഴിയൂ. നിലവില്‍ ഈ സാധ്യത വളരെ ദുര്‍ബലമാണ്. കമ്മ്യൂണിക്കേഷന്‍ സാധ്യമാകാന്‍ ഒരു സോഫ്റ്റ് ലാന്‍ഡിങ് കൊണ്ട് മാത്രമേ കഴിയൂ. ഇപ്പോഴും നേരിയ പ്രതീക്ഷ മാത്രമേ ബാക്കിയുള്ളൂ.

ഞായറാഴ്!ച്ച ഉച്ചയോടെയാണ് വിക്രം ലാന്‍ഡര്‍ കണ്ടെത്തിയതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ സ്ഥിരീകരിച്ചത്. തെര്‍മല്‍ ഇമേജിലൂടെയാണ് വിക്രം ലാന്‍ഡര്‍ വീണ സ്ഥലം കണ്ടെത്തിയത്.