ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2വിന്റെ അവസാന പ്രതീക്ഷയും മങ്ങി. ചന്ദ്രയാന്‍ 2 വിക്രം ലാന്‍ഡറുമായി ബന്ധം പുന:സ്ഥാപിക്കാനുള്ള സാദ്ധ്യതയാണ് അവസാനിച്ചത്. ലാന്‍ഡറിനെ കുറിച്ച് പരിശോധിച്ച് വരികയാണ് ഐ.എസ്.ആര്‍.ഒ. ചന്ദ്രന്റെ രാത്രി സമയത്തെ കടുത്ത തണുപ്പ് അതിജീവിക്കാനുള്ള സംവിധാനങ്ങളൊന്നും വിക്രമിനകത്ത് ഇല്ല. ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തില്‍ വിക്രമിലെ ഉപകരണങ്ങള്‍ക്ക് കേട് സംഭവിച്ചിരിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വിക്രമുമായി ബന്ധം നഷ്ടപെട്ടത് എങ്ങനെ എന്ന് വിദഗ്ധ സംഘം പരിശോധിച്ച് വരികയാണ്.

സൂര്യപ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്ന വിക്രം ലാന്‍ഡറിന്റെ ആയുസ് 14 ദിവസമായിരുന്നു. ചന്ദ്രനിലെ 14 ദിവസത്തെ പകല്‍ അവസാനിച്ച് അത്ര തന്നെ ദൈര്‍ഘ്യമുള്ള രാത്രി തുടങ്ങിയതോടെ ലാന്‍ഡറിന് ഇനി പ്രവര്‍ത്തിക്കാനാകില്ല. ആശയവിനിമയം പുനസ്ഥാപിക്കാനുള്ള ഐ.എസ്.ആര്‍.ഒ ശ്രമങ്ങളും ഇതോടെ തീരുകയാണ്. മാത്രവുമല്ല രാത്രി തുടങ്ങിയതോടെ ദക്ഷിണ ധ്രുവത്തിലെ താപനില മൈനസ് 180 ഡിഗ്രി വരെ താഴും. ഈ സമയത്ത് ലാന്‍ഡറിന്റെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കേടുവരാനും സാധ്യതയുണ്ട്. അതിനാല്‍ ചന്ദ്രനില്‍ ഇനിയൊരു പകല്‍ വരുമ്പോഴേക്കും ലാന്‍ഡറിന് സുരക്ഷിതമായി നിലനില്‍ക്കാന്‍ ആകില്ല.രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ നടത്തേണ്ടിയിരുന്ന സോഫ്റ്റ് ലാന്‍ഡി0ഗ്. എന്നാല്‍, നിര്‍ണായകമായ സോഫ്റ്റ് ലാന്‍ഡി0ഗ് തുടങ്ങി 10 മിനിറ്റുകള്‍ക്ക് ശേഷമാണ് പാളിച്ച സംഭവിച്ചത്. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ബന്ധം നഷ്ടപ്പെട്ട വിക്രം ലാന്‍ഡറിന് സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനായില്ല. സെപ്തംബര്‍ 7ന് പുലര്‍ച്ചെയായിരുന്നു രാജ്യം ഏറെ ആകാംഷയോടെ കാത്തിരുന്ന ചാന്ദ്രയാന്‍ 2, വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡി0ഗ് നടക്കേണ്ടിയിരുന്നത്. എന്നാല്‍, ‘നിശ്ചിത’ സമയത്തിന് മിനിറ്റുകള്‍ മുന്‍പാണ് ചന്ദ്രനില്‍നിന്നും 2.1 കിലോമീറ്റര്‍ ദൂരെവച്ച് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.