ജലന്ധര്‍ ബിഷപ്പിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെയും സാക്ഷിയെയും സ്വാധീനിക്കാന്‍ ശ്രമിച്ചതിന് അന്വേഷണ സംഘത്തിന് തെളിവുകള്‍ കിട്ടിയതായി കോട്ടയം ജില്ലാ പൊലിസ് മേധാവി എസ്. ഹരിശങ്കര്‍ അറിയിച്ചു. ഇതുസംബന്ധിച്ച മൊബൈല്‍ കോള്‍ റെക്കോര്‍ഡ് ചെയ്തതു ഉള്‍പ്പെടെയുള്ള രേഖകള്‍ പൊലിസിന്റെ പക്കലുണ്ട്. കന്യാസ്ത്രീ പീഡന പരാതി നല്‍കിയതു മുതല്‍ മഠത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് പൊലിസ് ഒരുക്കിയിട്ടുള്ളത്.

കന്യാസ്ത്രീ ആവശ്യപ്പെടാതെ തന്നെയാണ് പൊലിസ് സ്വമേധയാ ഇത്തരം നടപടികള്‍ സ്വീകരിച്ചത്. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്ബറുകള്‍ മഠത്തില്‍ പ്രദര്‍ശിപ്പിച്ചതിന് പുറമെ മഠത്തിലേക്ക് വരുന്ന ഫോണ്‍ കോളുകള്‍വരെ നിരീക്ഷിക്കാനും സംവിധാനമൊരുക്കിയിരുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബിഷപ്പിനെ ചോദ്യംചെയ്യുന്ന 19ന് മുന്‍പായി അന്വേഷണ സംഘം കൃത്യമായ നിഗമനത്തിലെത്തും. അതേസമയം, കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോര്‍ജിനെതിരേ പൊലിസിന് സ്വമേധയാ കേസെടുക്കാനാവില്ല. ഇരയായ വ്യക്തി പരാതി നല്‍കിയെങ്കില്‍ മാത്രമേ കേസുമായി മുന്നോട്ടുപോകാനാവൂവെന്നും അദ്ദേഹം വ്യക്തമാക്കി.