കൊച്ചി: യുവസംവിധായകനും ലാലിന്റെ മകനുമായ ജീന്‍പോള്‍ ലാലിനെതിരെയുള്ള കേസ് ഒത്തുതീര്‍പ്പിലേക്ക്. ജീനിനെതിരെ പരാതിയില്ലെന്ന് നടി ജില്ലാകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ജീന്‍പോള്‍ ലാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് കേസ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നത്.

ഹണിബീ 2 എന്ന സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും ചോദിച്ചപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നുമാണ് കേസ്. നടന്‍ ശ്രീനാഥ് ഭാസിയും മറ്റു സിനിമാ പ്രവര്‍ത്തകരായ അനിരുദ്ധ്, അനൂപ് എന്നിവര്‍ക്കെതിരേയും നടി പരാതി നല്‍കിയിരുന്നു.
നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ ആര്‍ക്കും എന്തും പറയാമെന്നുള്ള അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നാണ് ലാല്‍ കേസിനെക്കുറിച്ച് പ്രതികരിച്ചത്. 50000 രൂപ നല്‍കാമെന്ന് പറഞ്ഞാണ് അഭിനയിക്കാന്‍ വിളിച്ചത്. എന്നാല്‍ ഒറ്റ സീനില്‍ അഭിനയിച്ച നടി പത്തുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നുവെന്നും അതാണ് പരാതിക്ക് കാരണമെന്നുമായിരുന്നു വിശദീകരണം. കേസ് ഒത്തുതീര്‍ക്കില്ലെന്നും മകനെതിരെയുള്ള പരാതിയെ നിയമപരമായി നേരിടുമെന്നും ലാല്‍ പറഞ്ഞിരുന്നു.