കൊച്ചി: നടനും സംവിധായകനുമായ ലാലിന്റെ മകന്‍ ജീന്‍പോള്‍ ലാലിനെതിരെയുള്ള കേസിനു പിന്നില്‍ ദിലീപിന്റെ അറസ്റ്റെന്ന് സൂചന. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന്റെ അറസ്റ്റുവരെയെത്തിച്ചത് കേസില്‍ ലാലിന്റെ ഇടപെടലാണെന്നതാണ് സംശയത്തിനുപിന്നില്‍. കൂടാതെ പരാതി നല്‍കിയ നടി ദിലീപുമായി ബന്ധമുള്ളയാളാണെന്നും പ്രചാരണമുണ്ട്.

ജീന്‍പോളിനെതിരെ ഉയര്‍ന്ന പരാതിക്ക് അടിസ്ഥാനമായ സംഭവം എട്ടുമാസം മുമ്പുള്ളതാണ്. അന്നവര്‍ പരാതി ഉന്നയിച്ചിരുന്നില്ല. തുടര്‍ന്ന് ഇപ്പോഴാണ് കേസ് ഉയര്‍ന്നുവരുന്നത്. ഇത് സംശയം ജനിപ്പിക്കുന്നതാണ്. സിനിമാലോകം ഒന്നാകെ ഈ രണ്ടു കേസുകളും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഒരു സീനില്‍ അഭിനയിക്കാന്‍ മാത്രമായാണ് നടി എത്തിയതെന്നും 50,000രൂപക്ക് പകരം അവര്‍ പത്തുലക്ഷം ചോദിക്കുകയായിരുന്നുവെന്നും ലാല്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയില്ലെന്നും ലാല്‍ പറയുന്നു. കേസ് ഒതുക്കിത്തീര്‍ക്കില്ലെന്നും നിയമപരമായി നേരിടുമെന്നും ലാല്‍ വ്യക്തമാക്കി.

ശ്രീനാഥ് ഭാസി, ജീന്‍പോള്‍ ലാല്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് നടിയുടെ കേസ്. സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും ലൈംഗികച്ചുവയുള്ള സംസാരം നടത്തിയെന്നുമാണ് പരാതി.