ബംഗളൂരു: സാംസങ് ഗ്യാലക്‌സി നോട്ട് 7നു പിന്നാലെ ഷിയോമി റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു. ബംഗളൂരുവില്‍ മൊബൈല്‍ വില്‍പന കടയില്‍ സിം ഫോണിലേക്ക് ഇടുന്നതിനിടെയാണ് അപകടമുണ്ടായത്.

പൊതുവെ ചാര്‍ജ്ജ് ചെയ്തുകൊണ്ടിരിക്കെയാണ് ഫോണ്‍ പൊട്ടിത്തെറിക്കാറുള്ളത്. എന്നാല്‍ സിം ഇടുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുന്നത് ഇതാദ്യമായാണ്.

കടക്കാരന്റെ കൈയില്‍ വെച്ചാണ് ഫോണ്‍ പൊട്ടിത്തെറിച്ചതെങ്കിലും തീ ഉയരുന്നതു കണ്ടതോടെ താഴെയിട്ടതിനാല്‍ ആളപായമുണ്ടായില്ല.

കഴിഞ്ഞ ആഴ്ച ഇതേ കടയില്‍ നിന്ന് ഫോണ്‍ വാങ്ങിയ യുവാവ് സിം ഇടുന്നതില്‍ സംശയമുണ്ടായതിനെത്തുടര്‍ന്നാണ് വീണ്ടും കടക്കാരനെ സമീപിച്ചത്. അതേസമയം, ഫോണിനു തീപിടിക്കുന്ന ദൃശ്യങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ റെഡ്മി നോട്ട് 4 ഏറ്റവും ജനപ്രിയ മോഡലാണ്. സംഭവം വൈറലായതോടെ ഫോണ്‍ കത്തിയത് അന്വേഷിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. കടയുടമയുമായും ഫോണ്‍ വാങ്ങിയ ആളുമായും ഷവോമി പ്രതിനിധികള്‍ നേരിട്ട് സംസാരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Watch Video: