കൊണ്ടോട്ടി: കുട്ടിക്കാലം മുതല്‍ വായിച്ചു ശീലിച്ച പത്രമാണ് ചന്ദ്രികയെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍. പിതാവിന്റെ കാലം തൊട്ട് ചന്ദ്രിക വരിക്കാരനാണ്. ഇന്നും ആ സ്‌നേഹം ചന്ദ്രികയുമായുണ്ട്. പഴയകാലത്ത് മുസ്‌ലിം ലീഗിന് വേണ്ടി സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാഷാസമരം ഉള്‍പ്പെടെ മുസ്‌ലിം ലീഗ് സമര പരിപാടികളില്‍ കൊടി പിടിച്ച് പങ്കെടുക്കാനായിട്ടുണ്ട്. സമസ്തയുടെ ഉത്തരവാദിത്തത്തില്‍ വന്നതിന് ശേഷം മാത്രമാണ് സജീവ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. പക്ഷെ പാര്‍ട്ടിയുടെ കൂടെ ഇപ്പോഴുമുണ്ട്. ചന്ദ്രികയെ സ്‌നേഹിക്കുന്ന ആളാണ്. പ്രചരണ കാമ്പയിന് എല്ലാ വിധ പിന്തുണയും എപ്പോഴുമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കൊണ്ടോട്ടി മണ്ഡലം മുസ്‌ലിം ലീഗ് ചന്ദ്രിക പ്രചരണ കാമ്പയിന്‍ വാര്‍ഷിക വരിചേര്‍ത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.

മുണ്ടക്കുളം ശംസുല്‍ ഉലമ കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ പഴയകാല മുസ്‌ലിം ലീഗ്, ചന്ദ്രിക ചരിത്രവും തങ്ങള്‍ പങ്കുവെച്ചു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. ചന്ദ്രിക ഡയരക്ടര്‍ പി.എം.എ സമീര്‍, ജനറല്‍ സെക്രട്ടറി അഷ്‌റഫ് മാടാന്‍, മണ്ഡലം ചന്ദ്രിക കോഡിനേറ്റര്‍ കെ.പി ബാപ്പു ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.