പാമ്പാടി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പാമ്പാടി നെഹ്‌റു കോളജ് അധികൃതര്‍. ഹാജരും ഇന്റേണല്‍ മാര്‍ക്കുമില്ലെന്ന് ചൂണ്ടിക്കാട്ടി 65 വിദ്യാര്‍ത്ഥികളെയാണ് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തത്. ഫാര്‍മസി കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടി. രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ത്ഥികളോടും സമാന നടപടി സ്വീകരിക്കാനിടയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. അതേസമയം വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട അധ്യാപകനെ തിരിച്ചെടുക്കുകയും ചെയ്തു. ഓഫീസ് സ്റ്റാഫായാണ് അധ്യാപകനെ നെഹ്‌റു കോളജ് അധികൃതര്‍ വീണ്ടും നിയമിച്ചത്.