തൃശ്ശൂര്‍: വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മുന്‍ സ്പീക്കറും സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ. രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. ഡി.ജി.പി.യുടെ നിര്‍ദേശ പ്രകാരം തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഐപിസി 228 സെക്ഷന്‍ എ വകുപ്പ് പ്രകാരമാണ് രാധാകൃഷ്ണനെതിരെയുളള കേസ്. വടക്കാഞ്ചേരി കേസില്‍ അകപ്പെട്ട സിപിഎം കൗണ്‍സിലര്‍ ജയന്തനെതിരെ

എടുത്ത പാര്‍ട്ടി തല നടപടി വിശദീകരിക്കുന്നതിനിടെയാണ് രാധാകൃഷ്ണന്‍ ഇരയുടെ പേര് വെളിപ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ജയന്തന്റെ പേര് പറയാം, ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലന്നാണോ, ഇതൊന്നും ശരിയല്ലെന്നായിരുന്നു രാധാകൃഷ്ണന്റെ മറുപടി. സംഭവം വിവാദമായതോടെ ആദ്യം നടപടിയെടുക്കാന്‍ മടിച്ചെങ്കിലും കൊടിയേരിയുള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്ത് എത്തിയതോടെ രാധാകൃഷ്ണന്‍ ഒറ്റപ്പെടുകയായിരുന്നു.