കണ്ണൂര്‍: കെ.എം ഷാജിയെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് കെ.സുധാകരന്‍ എം.പി. ജീവന്‍ കൊടുത്തും ഷാജിയെ യുഡിഎഫ് സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.എന്‍ഫോഴ്‌സമെന്റ് അന്വേഷണം ആവശ്യമുള്ള ഒരു പരാതിയും ഷാജിക്കെതിരെ ഇല്ല. മുഖ്യമന്ത്രിക്കെതിരായ പ്രസംഗത്തിന്റെ പേരിലാണ് ഷാജിയെ വേട്ടയാടുന്നതെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

ശിവശങ്കരന്‍ കസ്റ്റഡിയിലായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഒരു നിമിഷം അധികാരത്തില്‍ തുടരരുത്. വികസനത്തിന്റെ പേരില്‍ വന്‍ കൊള്ളയാണ് ഇവിടെ നടക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു. കേരളത്തിന് പുറത്ത് കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സഖ്യമുണ്ടാക്കുന്നതില്‍ തനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. എന്നാല്‍ അതിപ്പോള്‍ പരസ്യമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

എം.ശിവശങ്കറിനെ ഇന്ന് രാവിലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തത്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെ തിരുവനന്തപുരത്ത് ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലെത്തിയാണ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലെത്തിച്ച അദ്ദേഹത്തെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.