Connect with us

kerala

‘രാഹുല്‍ മാങ്കൂട്ടത്തിന് പാലക്കാട് കാലുകുത്താന്‍ ബിജെപിയുടെ സമ്മതം ആവശ്യമില്ല’: കെ സുധാകരന്‍

ഭീഷണികള്‍ക്ക് മുന്നില്‍ പേടിച്ച് വിറച്ച് സ്വയരക്ഷയ്ക്ക് മാപ്പെഴുതി നല്‍കി തടിതപ്പുന്ന ആര്‍എസ്എസ് രാഷ്ട്രീയ പാരമ്പര്യമല്ല രാഹുലിന്റെത് എന്നുകൂടി ബിജെപിക്കാര്‍ ഓര്‍ക്കുന്നത് നല്ലത് – കെ സുധാകരന്‍ വ്യക്തമാക്കി

Published

on

പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് കെ.ബി ഹെഡ്ഗെവാറിന്റെ പേര് നല്‍കിയത് ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബിജെപിയുടെ ഭീഷണി ജനാധിപത്യത്തിന് നേരെയുള്ള കൊലവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

മികച്ച ഭൂരിപക്ഷത്തില്‍ പാലക്കാട്ടെ ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധിയാണ് രാഹുല്‍. സംഘപരിവാറിന്റെ അജണ്ടകളെ പ്രതിരോധിക്കാനുള്ള കരുത്തും തന്റേടവും ഉണ്ടെന്ന ഉത്തമബോധ്യത്തില്‍ തന്നെയാണ് പാലക്കാട്ടെ പ്രബുദ്ധരായ ജനത രാഹുലിനെ നിയമസഭയിലേക്കെത്തിച്ചത്. അതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തിന് പാലക്കാട് കാലുകുത്താന്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും സമ്മതം കാക്കേണ്ടതില്ല. ഭീഷണികള്‍ക്ക് മുന്നില്‍ പേടിച്ച് വിറച്ച് സ്വയരക്ഷയ്ക്ക് മാപ്പെഴുതി നല്‍കി തടിതപ്പുന്ന ആര്‍എസ്എസ് രാഷ്ട്രീയ പാരമ്പര്യമല്ല രാഹുലിന്റെത് എന്നുകൂടി ബിജെപിക്കാര്‍ ഓര്‍ക്കുന്നത് നല്ലത് – കെ സുധാകരന്‍ വ്യക്തമാക്കി.

ആര്‍എസ്എസിന്റെയും ബിജെപിയുടെയും വര്‍ഗീയ ആശയങ്ങളെ ശക്തമായി പ്രതിരോധിക്കുകയും അവരുടെ ഭീഷണികളെ നെഞ്ചുറുപ്പോടെ നേരിടുകയും ചെയ്യുന്നവരാണ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ആ പൈതൃകം പേറുന്ന രക്തമാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെയും സിരകളിലോടുന്നതെന്നും ബിജെപിയുടെ ഭീഷണിയെ നേരിടാനുമുള്ള കരുത്തും സംഘടനാ ശക്തിയും കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ഓലപ്പടക്കം കാട്ടി വിരട്ടണ്ടെന്നും രാഹുലിനെ പാലക്കാട് കാലുകുത്തിക്കില്ലെന്ന് ഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ പൊലീസ് നിയമപരമായ നടപടി സ്വീകരിക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

പാലക്കാട് മുനിസിപ്പല്‍ കൗണ്‍സിലില്‍ പോലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായിട്ടാണ് ഹെഡ്ഗെവാറിന്റെ പേര് കെട്ടിടത്തിന് ഇടാന്‍ തീരുമാനമെടുത്തത്. ആര്‍എസ്എസ് സ്ഥാപകനേതാവിന്റെ പേര് അവരുടെ ഓഫീസ് കാര്യാലയത്തിന് ഇട്ടോട്ടെ, പക്ഷെ നഗരസഭയുടെ കീഴില്‍ വരുന്ന പൊതുയിടത്ത് പതിക്കാന്‍ അനുവദിക്കില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പിണറായിസത്തിനുള്ള മറുപടിയായിരിക്കും, ജയം യുഡിഎഫിന്; പി വി അന്‍വര്‍

മൂന്നാമതും പിണറായി വരില്ലെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പിണറായിസത്തിനുള്ള മറുപടിയായിരിക്കുമെന്ന് പി.വി അന്‍വര്‍. മൂന്നാമതും പിണറായി വരില്ലെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.

നിലമ്പൂരില്‍ പിണറായി വിജയന്‍ മത്സരിച്ചാലും വിജയിക്കില്ലെന്നും പി വി അന്‍ലര്‍ പറഞ്ഞു. നാലാം വാര്‍ഷികം ആഘോഷിക്കുന്ന സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും സൗകര്യം ചെയ്തുകൊടുത്തു എന്നതിലപ്പുറം എന്ട് ചെയ്‌തെന്നും പി വി അന്‍വര്‍ ചോദിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ആരായാലും നിരുപാധിക പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19നും വോട്ടെണ്ണല്‍ ജൂണ്‍ 23 നുമാണ് നടക്കുക. നിലമ്പൂര്‍ അടക്കം അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം ജൂണ്‍ രണ്ടാണ്. സൂക്ഷ്മപരിശോധന ജൂണ്‍ മൂന്നിന് നടക്കും. നോമിനേഷന്‍ പിന്‍വലിക്കേണ്ട അവസാനദിനം ജൂണ്‍ അഞ്ചാണ്. പി.വി അന്‍വര്‍ രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളുടെ മനസില്‍ വേദന നല്‍കിയ സമരമാണ് ആശ സമരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സര്‍ക്കാരായി വന്ന് പരിപൂര്‍ണമായി ഇത്രയും പെട്ടെന്ന് കോര്‍പ്പറേറ്റിസത്തിലേക്ക് നീങ്ങിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ലോകത്തെവിടെയും കാണില്ലെന്നും അന്‍വര്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് പി വി അന്‍വര്‍ നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഉപതിരഞ്ഞെടുപ്പ് എത്രയും വേഗത്തില്‍ നടത്തണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു അന്‍വറിന്റെ കത്ത്. ഇനിയും വൈകിയാല്‍ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പി വി അന്‍വര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

കൊച്ചി കപ്പല്‍ അപകടം; സംസ്ഥാന സര്‍ക്കാര്‍ യോഗം വിളിച്ചു

കൊച്ചി കടല്‍ തീരത്തിനടുത്തായി അപകടത്തില്‍ പെട്ട ലൈബിരിയന്‍ കപ്പല്‍ മുങ്ങിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യോഗം വിളിച്ചു.

Published

on

കൊച്ചി കടല്‍ തീരത്തിനടുത്തായി അപകടത്തില്‍ പെട്ട ലൈബിരിയന്‍ കപ്പല്‍ മുങ്ങിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യോഗം വിളിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. രാവിലെ 11.30 ക്കാണ് യോഗം. MSC ELSA 3 എന്ന കപ്പലാണ് കഴിഞ്ഞ ദിവസം അപകടത്തില്‍ പെട്ടത്. കപ്പല്‍ പൂര്‍ണ്ണമായും മുങ്ങുന്ന സാഹചര്യമാണുള്ളത്. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളും മുങ്ങി. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ ഇന്നലെയാണ് അപകടത്തില്‍പ്പെട്ടത്.

കപ്പലില്‍ നിന്ന് വീണ കണ്ടെയ്‌നറുകള്‍ കൊച്ചി ആലപ്പുഴ തീരങ്ങളില്‍ എത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം തീരത്തും കണ്ടെയ്‌നറുകള്‍ എത്താന്‍ സാധ്യതയുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ടെയ്‌നര്‍ തീരത്ത് എത്തിയേക്കാന്‍ സാധ്യതയുണ്ട്. കപ്പലിന്റെ ചെരിവ് നിവര്‍ത്താന്‍ മറ്റൊരു കപ്പല്‍ എത്തിക്കാനും കണ്ടെയ്‌നറുകള്‍ മറ്റൊരു കപ്പലിലേക്ക് മാറ്റി തീരത്തേക്ക് അടുപ്പിക്കാനായിരുന്നു പദ്ധതി.

അപകടത്തില്‍ പെട്ട കപ്പലില്‍ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. മുഴുവന്‍ പേരെയും രക്ഷപ്പെടുത്തിയിരുന്നു. തീരങ്ങളില്‍ കണ്ടെയ്നറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടെയ്‌നറുകളുടെ അടുത്തേക്ക് പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് കനത്ത മഴ; മത്സ്യബന്ധനത്തിന് വിലക്ക്

ഉയര്‍ന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

Published

on

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ഉയര്‍ന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അടുത്ത രണ്ടുദിവസം അതിതീവ്ര മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം , ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തോടെ കാലവര്‍ഷം തുടങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിരുന്നു.

മധ്യ കിഴക്കന്‍ അറബിക്കടലിലെ തീവ്ര ന്യുനമര്‍ദ്ദം കൊങ്കണ്‍ തീരത്തിനുമുകളില്‍ രത്നഗിരിക്ക് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മേയ് 27ഓടെ മധ്യ പടിഞ്ഞാറന്‍ -വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപക മഴക്ക് സാധ്യതയുണ്ട്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായികേരളത്തിന്റെ വിവിധ തീരപ്രദേശത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Continue Reading

Trending