കണ്ണൂര്‍: ശബരിമലയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ബി.ജെ.പിയും ആര്‍.എസ്.എസും പ്ലാന്‍ ചെയ്ത് നടപ്പിലാക്കുന്നതെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തുലാമാസ പൂജ സമയത്തും ചിത്തിരആട്ട വിശേഷ സമയത്തും അവിടെ ഗുണ്ടകളും കൊലയാളികളും അഴിഞ്ഞാടിയതുപോലെ ഒരു അവസരം ഉണ്ടാക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. അവര്‍ എല്ലാവരും വളരെ ഹാപ്പിയാണെന്ന് മന്ത്രി പറഞ്ഞു. രാഹുല്‍ ഈശ്വറിനെ പോലെ ചോരയും മൂത്രമും സന്നിധാനത്ത് വീഴ്ത്താന്‍ ആഗ്രഹമില്ലാത്തത് കൊണ്ടാണ് പൊലീസ് ഇത്തരത്തില്‍ നിര്‍ബന്ധ ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് ഒരു പൊലീസും ഇത്തരത്തില്‍ സഹിക്കുകയില്ല. ശബരിമലയെ എന്തായാലും ആര്‍.എസ്.എസിനെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അത് അയ്യപ്പ ക്ഷേത്രമാണ്. അത് ആര്‍.എസ്.എസിന് തീറെഴുതിക്കൊടുക്കാന്‍ പറ്റുമോ. അവരുടെ നിലപാടുകള്‍ കാലങ്ങളായി മാറിക്കൊണ്ടിരിക്കുകയല്ലെ കടകംപള്ളി പറഞ്ഞു.