കമാല്‍ വരദൂര്‍

ആരായിരുന്നു കാള്‍ട്ടണ്‍ ചാപ്പ്മാന്‍….? ചോദ്യത്തിനുത്തരം എളുപ്പമാണ്. ഐ.എം. വിജയനും ബൈജൂങ് ബൂട്ടിയക്കും എളുപ്പത്തില്‍ ഗോളടിക്കാന്‍ പന്ത് എത്തിക്കുന്ന മധ്യനിരക്കാരന്‍. ഈ ഉത്തരത്തിന് എന്തെങ്കിലും ക്ലാരിറ്റി വേണമെങ്കില്‍ വിജയനോടോ ബൂട്ടിയയോടോ ചോദിച്ചാല്‍ മതി. ഗോളുകള്‍ എപ്പോഴും സ്‌ട്രൈക്കറുടെ നാമധേയത്തിലാവുമല്ലോ…

എതിര്‍ഹാഫിലേക്ക് ഊളിയിട്ട് കയറുന്ന മുന്‍നിരക്കാരനോളം പ്രസക്തനാണ് പന്തിനെ ഗോളടിക്കാന്‍ പാകത്തില്‍ നല്‍കുന്ന മധ്യനിരക്കാരന്റേത്. ചാപ്പ്മാന്‍ ഗോളുകള്‍ക്കായി സഹതാരങ്ങളെ മറക്കാറില്ല. അങ്ങനെ സ്വാര്‍ത്ഥനാവാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. കോഴിക്കോട്ട് ഗോകുലത്തിന്റെ അമരക്കാരനായപ്പോള്‍ എത്രയോ സംസാരങ്ങള്‍.

അത്യാവശ്യ ഇംഗ്ലീഷില്‍ മധ്യനിരക്കാരന്റെ റോളും അതിന്റെ പ്രസക്തിയും അദ്ദേഹം വിവരിക്കും. സിദാനായിരുന്നു ഇഷ്ടതാരം. മലയാളത്തിനോട് വലിയ സ്‌നേഹം തോന്നാന്‍ കാരണം വിജയനായിരുന്നു. ചാപ്പ്മാനും ജോപോളും മധ്യനിരയില്‍ കത്തിയ കാലത്തായിരുന്നു വിജയന്റെ ഗോളടി കാലം.

കളിക്കാരന്‍, പരിശീലകന്‍, നിരീക്ഷകന്‍… ഫുട്‌ബോളില്‍ ചാപ്പ്മാന്‍ നല്ല അധ്യായമായിരുന്നു. നാഗേന്ദ്രന്‍ സര്‍വാധികാരിയെന്ന ഇന്ത്യന്‍ ഫുട്‌ബോളിന്റെ പിതാവിനെ അധികമാര്‍ക്കും അറിയില്ല. കാരണം അദ്ദേഹം കൂടുതല്‍ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തിട്ടില്ല. നല്ല മധ്യനിരക്കാരനായിരുന്നു. നെവില്‍ സീസൂസയെ എല്ലാവര്‍ക്കുമറിയാം. കാരണം 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ അദ്ദേഹം ഹാട്രിക്ക് സ്‌ക്കോര്‍ ചെയ്തിരുന്നു.

വിജയനെയും ബൂട്ടിയയെയും സുനില്‍ ഛേത്രിയെയും എല്ലാവര്‍ക്കുമറിയാം. ഇവരെല്ലാം ഗോള്‍ വേട്ടക്കാരാണ്. ചാപ്പ്മാനെ പോലുളളവരുടെ ജോലി ഗോളൊരുക്കലാണ്. ആ ജോലി സത്യസന്ധമായി അദ്ദേഹം നിര്‍വഹിച്ചു. ഇപ്പോള്‍ വലിയ ബഹളങ്ങള്‍ക്ക് നില്‍കാതെ അദ്ദേഹം യാത്രയായി. നമ്മുടെ ഫുട്‌ബോളിന് ആ പേര് മറക്കാനാവില്ല