ഷുഹൈബ് വധക്കേസിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കൊല്ലപ്പെട്ട ഷുഹൈബ് കാന്തപുരം വിഭാഗം വിദ്യാര്‍ത്ഥി സംഘടനയായ എസ്.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. രാഷ്ട്രിയ കൊലപാതകങ്ങള്‍ ആശങ്കയുണ്ടാക്കുന്നുവെന്നും കാന്തപുരം പറഞ്ഞു.
പ്രതികളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചുവെന്നും പ്രതികളെ പിടികൂടുമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് ഇതു പുറത്തു പറയാത്തത്. ആരു ഭരിച്ചാലും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നത് ശരിയല്ലെന്നും കാന്തപുരം പ്രതികരിച്ചു.

അതേസമയം ശുഹൈബ് വധക്കേസില്‍ സിപിഐഎം പ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവര്‍ പോലീസില്‍ കീഴടങ്ങി. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇവരെ കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ളവരാണ് ഇവരെന്നാണ് സൂചന. ഇതില്‍ ആകാശ് തില്ലങ്കേരി ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീത് കൊല്ലപ്പെട്ട കേസിലും പ്രതിയാണ്.