ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി സര്‍ക്കാറുണ്ടാക്കിയ സംഭവത്തില്‍ ഇന്നലെ കോടതിയില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടത് ഇങ്ങനെ

ഇന്ന് നാലു മണിക്ക് ഉള്ളില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബി. ജെ.പി നേതാവ് യെദ്യൂരപ്പയോട് സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ്ട് കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടിയായത്. കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് വിശ്വാസവോട്ടെടുപ്പ് നാലു മണിക്ക് നടത്താന്‍ കോടതി നിര്‍ദേശം നല്‍കിയത്. രഹസ്യ വോട്ടെടുപ്പ് വേണമെന്ന ബി.ജെ.പിയുടെ ആവശ്യവും കോടതി തള്ളി. ജസ്റ്റിസുമാരായ എ.കെ സിക്രി, എസ്.എ ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.
കോണ്‍ഗ്രസ്-ജെ. ഡി.എസ് സഖ്യത്തിനു വേണ്ടി മനു അഭിഷേക് സിങ് വിയും, കപില്‍ സിബലുമാണ് ഹാജരായത്. ബി.ജെ.പിക്കു വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗിയാണ് ഹാജരായത്.

സുപ്രീംകോടതിയില്‍ ഇന്നലെ നടന്ന വാദം പ്രതിവാദം ഇങ്ങനെ

1. ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച കത്ത് ഹാജരാക്കാന്‍ ബി.ജെ.പിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ രോഹത്ഗിയോട് കോടതി ആവശ്യപ്പെടുന്നു. രോഹത്ഗി കത്ത് കോടതിക്കു മുന്നില്‍ സമര്‍പ്പിക്കുന്നു. എന്നാല്‍ ആരൊക്കെയാണ് പിന്തുണക്കുന്നതെന്ന് കത്തില്‍ യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നില്ല.
2. ബി.ജെ.പി.യെ പിന്തുണക്കുന്നത് ആരൊക്കെയെന്ന് കോടതി. കോണ്‍ഗ്രസും ജെ.ഡി.എസും ഗവര്‍ണര്‍ക്കു നല്‍കിയ കത്തില്‍ അവരെ പിന്തുണക്കുന്നവരുടെ ഒപ്പുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു.
3. പിന്തുണക്കുന്ന അംഗങ്ങളുടെ പേര് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് മുകുള്‍ രോഹത്ഗി.
4. സഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടത്. സര്‍ക്കാര്‍ രൂപീകരണം സംഖ്യകളുടെ കളിയാണെന്നും ആര്‍ക്കാണ് കൂടുതല്‍ പിന്തുണയുള്ളതെന്ന് നോക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടതെന്നും കോടതി. ബി.ജെ.പി നല്‍കിയ കത്തില്‍ എം.എല്‍.എമാരുടെ ഒപ്പില്ല. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ വിളിച്ചതെന്ന് കോടതി.
5. കോണ്‍ഗ്രസും ജെ.ഡി.എസും തമ്മിലുണ്ടാക്കിയത് അവിശുദ്ധ ബന്ധമെന്ന് രോഹത്ഗി.
6. എന്തുകൊണ്ട് ശനിയാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തിക്കൂടാ എന്ന് കോടതി.
7. വിശ്വാസ വോട്ടെടുപ്പിന് ശനിയാഴ്ച തയാറാണെന്ന് കോണ്‍ഗ്രസും ജെ.ഡി.എസും. എം. എല്‍. എമാര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ആവശ്യം. ഭയരഹിതമായി വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കണം.
8. സുരക്ഷ നല്‍കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെടാമെന്ന് കോടതി.
9. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നിയമിക്കരുതെന്നും കോടതി.
10. ശനിയാഴ്ച വിശ്വാസ വോട്ടെടുപ്പിന് തയാറല്ലെന്ന് ബി.ജെ.പി. കൂടുതല്‍ സമയം ആവശ്യമാണെന്നും രോഹത്ഗി.
11. കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് കോടതി.
12. ഗവര്‍ണര്‍ക്ക് കോണ്‍ഗ്രസിന്റേയും ജെ.ഡി.എസിന്റേയും കത്ത് ലഭിച്ചിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ തുഷാര്‍ മെഹ്ത.
13. സമയം നീട്ടിനല്‍കാനാവില്ലെന്നും ശനിയാഴ്ച വൈകീട്ട് നാലിന് വിശ്വാസ വോട്ടെടുപ്പ് നടത്താനും കോടതിയുടെ നിര്‍ദേശം. രഹസ്യ ബാലറ്റെന്ന ബി.ജെ.പിയുടെ ആവശ്യവും കോടതി തള്ളി. ഭൂരിപക്ഷം ഉറപ്പാക്കുന്നത് വരെ നയപരമായ തീരുമാനങ്ങള്‍ എടുക്കരുതെന്നും കോടതി.
14. വിശ്വാസ വോട്ടെടുപ്പിന് സുരക്ഷയൊരുക്കാന്‍ ഡി.ജി.പിക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം.