കത്വ കേസില്‍ ദീപിക സിങ് രജാവത്തിനെ ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ട വ്യാജ വാര്‍ത്തക്ക് മറുപടിയുമായി യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റി. കേസില്‍ അഡ്വ. മുബീന്‍ ഫാറൂഖിയുടെ പങ്കാളിത്തത്തിന് കോടതി രേഖകളും വാര്‍ത്താ ലിങ്കുകളും ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ട് യൂത്ത്‌ലീഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കി. കത്വ കേസ് നടത്തിപ്പിന് പണം വാങ്ങിയെന്നു തെറ്റിദ്ധരിപ്പിച്ചാണ് ദീപികയുടെ ശബ്ദസന്ദേശം പ്രചരിപ്പിച്ചത്. എന്നാല്‍ ദീപികക്ക് പണം നല്‍കിയതായി എവിടെയും യൂത്ത്‌ലീഗ് പറഞ്ഞിരുന്നില്ല. ദീപിക കേസ് ഒഴിഞ്ഞതിനു ശേഷം കുടുംബം കേസ് ഏല്‍പിച്ച അഡ്വ. മുബീന്‍ ഫാറൂഖി മുഖേനയാണ് യൂത്ത്‌ലീഗ് കേസ് നടത്തിയിരുന്നത്. കുടുംബത്തിന്റെ വക്കാലത്ത് മുബീന്‍ ഫാറൂഖിനായിരുന്നു. ഇങ്ങനെയൊരു അഭിഭാഷകന് പണം കൊടുത്തു എന്ന് യൂത്ത്‌ലീഗ് പറഞ്ഞപ്പോള്‍ അദ്ദേഹമെവിടെ എന്ന വെല്ലുവിളി ഏറ്റെടുത്ത് കഴിഞ്ഞ ദിവസം വക്കീലിനെ കേരളത്തില്‍ എത്തിച്ച് യൂത്ത്‌ലീഗ് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. എന്നാല്‍ ഈ അഭിഭാഷകന്‍ കേസില്‍ ഹാജരായിട്ടില്ല എന്നാണ് ഇന്ന് ദീപികയെ ഉപയോഗിച്ച് പ്രചരിച്ച വാര്‍ത്ത.

കത്വ കേസിലെ കോടതി രേഖകളും വിധി വരുന്ന ദിവസം മുബീന്‍ ഫാറൂഖി മാധ്യമങ്ങളോട് പ്രതികരിക്കുന്നതും മെഹബൂബ മുഫ്തി ഉള്‍പ്പെടെ പ്രമുഖര്‍ അദ്ദേഹത്തിന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടതും വാഷിങ്ടണ്‍ പോസ്റ്റില്‍ വരെ അദ്ദേഹത്തെ പരാമര്‍ശിച്ച് വാര്‍ത്തകള്‍ വന്നതും യൂത്ത്‌ലീഗ് നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. കേസ് നടത്തിപ്പില്‍ ദീപിക പ്രശംസനീയ സേവനം നടത്തിയിട്ടുണ്ടെന്നും അവര്‍ക്ക് യൂത്ത്‌ലീഗ് പണം നല്‍കിയിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. വക്കാലത്തുമായി ബന്ധപ്പെട്ട് ദീപിക തന്നെ മുബീന്‍ ഫാറൂഖിയുമായി സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശവും പത്രസമ്മേളനത്തില്‍ പുറത്തുവിട്ടു. കത്വ കേസ് നടത്തിപ്പിന് മുബീന്‍ ഫാറൂഖി സഹായിച്ചുവെന്ന് പത്താന്‍കോട്ട് പ്രോസിക്യൂട്ടറും വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, ഭാരവാഹികളായ അഡ്വ. ഫൈസല്‍ ബാബു, ഷിബു മീരാന്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചത്.