ന്യൂഡല്‍ഹി: തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്നും ഉടന്‍ തന്നെ കൊല്ലപ്പെട്ടേക്കാമെന്നും കത്വ കേസിലെ പെണ്‍കുട്ടിയുടെ അഭിഭാഷക ദീപികസിങ് രജാവത്ത്. ശക്തമായ പ്രതിഷേധമുയര്‍ന്ന കത്വകേസില്‍ വാദിക്കാനെത്തിയതുമുതല്‍ ഹിന്ദുത്വ സംഘടനകളുടെ ഭീഷണിക്ക് ഇരയാവുകയാണ് ദീപികസിങ് രജാവത്ത്. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദീപികയുടെ ജീവന്‍ അപകടത്തിലാണെന്നുള്ള പരാമര്‍ശം ഉണ്ടായത്.

‘തിരിച്ച് വീട്ടിലേക്കെത്തുമ്പോഴെല്ലാം ഞാന്‍ രണ്ടുതവണ വീടിന്റെ ഗേറ്റ് പരിശോധിക്കും. മകളുടെ സുരക്ഷയില്‍ ആശങ്കയിലാണ്. എന്റേയും ഭര്‍ത്താവിന്റേയും ജീവന്‍ അപകടത്തിലാണെന്നും ശാരീരികമായ ആക്രമണങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും’ ദീപികസിങ് പറഞ്ഞു. ഈ വര്‍ഷമാദ്യം ദീപിക സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കും കുടുംബത്തിനും സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒട്ടേറെ എതിര്‍പ്പുകളുണ്ടായിട്ടും താന്‍ കേസ് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ കേസ് ഏറ്റെടുത്തതുമുതല്‍ ഒരിക്കല്‍ താന്‍ കൊല്ലപ്പെടുമെന്ന ചിന്ത തന്നെ വേട്ടയാടുകയാണ്. ശാരീരികമായി താനോ കുടുംബമോ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട്. മുന്നോട്ടുള്ള കാല്‍വെപ്പ് മൂലം തന്റെ അന്തസ്സിനെ ബാധിക്കുന്ന രീതിയില്‍ ആക്രമിക്കപ്പെടാം. വീട്ടില്‍ മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കൊണ്ടുവന്ന് വെച്ച് കേസില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതകളേയും താനിപ്പോള്‍ ഭയന്നു തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് വീടിന്റെ പ്രധാന ഗേറ്റ് താനെപ്പോഴും തുറന്നുവെക്കുകയാണ് പതിവെന്നും ദീപികസിങ് രജാവത്ത് പറയുന്നു.

എട്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ക്ഷേത്രത്തിനുള്ളില്‍ വെച്ചായിരുന്നു ക്രൂരമായി പീഡിപ്പിച്ച് കൊലപെടുത്തിയത്. രസന ഗ്രാമത്തിലെ താമസക്കാരായ ബക്കര്‍വാള്‍ എന്ന മുസ്ലീം സമൂഹത്തെ ഭയപ്പെടുത്തി ഓടിക്കാന്‍ സ്ഥലത്തെ ഒരുപറ്റം ഹിന്ദുക്കള്‍ ചേര്‍ന്ന് ആസൂത്രണം ചെയ്തതായിരുന്നു ബലാത്സംഗവും കൊലപാതകവും. 13 ഗ്രാമണ കുടുംബങ്ങള്‍ ഉണ്ടായിരുന്ന ഇവിടെ ഇരുപതോളം നാടോടി മുസ്ലീം ബക്കര്‍വാള്‍ കുടുംബങ്ങള്‍ വീട് വാങ്ങി താമസിക്കാന്‍ എത്തിയതായിരുന്നു പ്രദേശത്തെ ഹിന്ദുക്കളെ ചൊടിപ്പിച്ചത്. ഇവരെ ഓടിക്കാനായാണ് കുട്ടിയെ കൊലപ്പെടുത്തിയത്. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന സഞ്ജി റാം, ഇയാളുടെ മകന്‍ വിശാല്‍ ഗംഗോത്ര, പ്രായപൂര്‍ത്തിയാകാത്ത മരുമകന്‍, പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബില്‍ തിലക് രാജ്, രസന സ്വദേശി പര്‍വേഷ് കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.