ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാണാതായ പി.ജി വിദ്യാര്‍ത്ഥി നജീബ് അഹ്മദിനെ കണ്ടെത്താന്‍ എല്ലാ സഹായവും ചെയ്യാമെന്ന് കുടുംബത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഉറപ്പു നല്‍കി.

‘ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. നജീബിനെ കണ്ടെത്താന്‍ ആവശ്യമായ എന്തും ചെയ്തു തരും. നിങ്ങളുടെ മകനെ കണ്ടെത്തുന്നതിനായി ഗവണ്‍മെന്റിന്റെ എല്ലാ സംവിധാനവും ഉപയോഗിക്കും.’ തന്നെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ച നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിനോട് കേജ്രിവാള്‍ പറഞ്ഞു.

എം.എസ്‌സി ബയോ ടെക്‌നോളജി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ നജീബ് അഹ്മദ് ഒക്ടോബര്‍ രണ്ടിനാണ് ദുരൂഹ സാഹചര്യത്തില്‍ കാമ്പസില്‍ നിന്ന് അപ്രത്യക്ഷനായത്. എ.ബി.വി.പി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനമേറ്റ ഉത്തര്‍പ്രദേശ് സ്വദേശിയായ നജീബ് സഫ്ദര്‍ജങ് ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നെങ്കിലും പിന്നാലെ കാണാതാവുകയായിരുന്നു. നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലാണ്.